

കൊച്ചി : വിട്ടുമാറാത്ത ചുമ, പനി എന്നീ ലക്ഷണങ്ങളുമായി ചികിത്സ തേടിയ യുവാവിന്റെ കരളില്‍ നിന്നും ഡോക്ടര്‍മാര്‍ മീന്‍ മുളള് കണ്ടെടുത്തു. പനിയുടെ കാരണം തേടി നടത്തിയ സ്‌കാനില്‍ കരളില്‍ തറച്ച നിലയിലായിരുന്നു മീന്‍ മുളള് കണ്ടെത്തിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത പനി മാറാതെ വന്നതോടെയാണ് പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരന്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടിയത്.
സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു.

വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അന്യവസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്‍ മുള്ള് അകത്ത് പോയ വിവരം രോഗിയും അറിഞ്ഞിരുന്നില്ല.
ശസ്ത്രക്രിയയ്ക്കുശേഷം രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ യുവാവ് വീട്ടിലേക്ക് മടങ്ങി. ആഴ്ചകളായി തുടരുന്ന പനിയുടെ കാരണം അറിയാന്‍ പെറ്റ് സ്‌കാന്‍ നടത്തിയതാണ് ജീവന് പോലും ഭീഷണിയാകുന്ന കരളിലെ പഴുപ്പ് കണ്ടെത്താന്‍ സഹായകരമായതെന്ന് ഡോ.ശാലിനി ബേബി ജോണ്‍ പറഞ്ഞു.
Content Highlights :A fish bone embedded in a young man's liver was surgically removed