

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളിൽ കടുത്ത സമ്മർദം നേരിടുന്നതിനിടെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് (ബിഎൽഒ) വീണ്ടും'പണി'. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരായ ബിഎൽഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായുമാണ് നിയോഗിച്ചത്. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടർമാരാണ് നിർദേശം നൽകിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് ഡ്യൂട്ടി നൽകിയത്. ബിഎൽഒമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തുമെന്നായിരുന്നു നേരത്തെ എടുത്ത തീരുമാനം. എന്നാൽ അതിൽനിന്ന് നേർവിപരീതമാണ് നിലവിലെ നിർദേശം. ഡിസംബർ നാലിന് എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികൾ കഴിയുന്നതിനാലാണ് അടുത്ത 'പണി'യെന്നാണ് ഇത് ചോദ്യം ചെയ്ത ബിഎൽഒമാർക്ക് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച മറുപടി.
കണ്ണൂർ പയ്യന്നൂരിൽ ജോലി സമ്മർദത്തെ തുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎൽഒമാർ നേരിടുന്നത് വലിയ സമ്മർദമാണെന്ന് വാർത്തകൾ വന്നിരുന്നു. ജോലി സമ്മർദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങൾ പങ്കുവെച്ച് ബിഎൽഒമാർ രംഗത്തെത്തിയിരുന്നു.
Content Highlights: After SIR works BLO's assigned to local election duty