മാന്യതയുള്ള ആരും ആര്‍എസ്എസില്‍ ചേരില്ല, ആനന്ദിന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കണം: വി ജോയ്

'തിരുമല അനിലിന്റെ മരണം നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല'

മാന്യതയുള്ള ആരും ആര്‍എസ്എസില്‍ ചേരില്ല, ആനന്ദിന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കണം: വി ജോയ്
dot image

തിരുവനന്തപുരം: ബിജെപിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടാവുന്നത് അതീവ ഗുരുതരമായ സാഹചര്യമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. തിരുമല അനിലിന്റെ മരണം നേതാക്കളുടെ കണ്ണ് തുറപ്പിച്ചില്ല. അനിലിന്റെ കുടുംബം അതീവ സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ട് അവര്‍ പൊതുവായി ഒന്നും പറയുന്നില്ല എന്നേയുള്ളൂ. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചതിന് ശേഷം ബിജെപി നേതാക്കള്‍ സമ്മര്‍ദം ഉണ്ടാക്കി. അനന്തു അജിയുടെ മരണവും ഇതുപോലെ തന്നെയാണ്. മാന്യതയുള്ള ആരും ആര്‍എസ്എസില്‍ ചേരില്ല. ആര്‍ ശ്രീലേഖയ്‌ക്കെതിരെയും വി ജോയ് ആരോപണമുന്നയിച്ചു. സര്‍വീസിലിരിക്കുന്ന സമയത്തെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ആരോപണം.

ആനന്ദിന്റെ മരണത്തില്‍ എസ്‌ഐടി രൂപീകരിച്ച് അന്വേഷിക്കണം. കാര്യക്ഷമമായ അന്വേഷണം നടക്കണം. കുടുംബാംഗങ്ങളെ ബിജെപി നേതാക്കള്‍ വിരട്ടുകയാണ്. ഭീഷണിയുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകനായിരുന്ന ആനന്ദ് തിരുമല ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡിൽ ആനന്ദിനെ അബോധാവസ്ഥയിൽ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlights: v joy against bjp

dot image
To advertise here,contact us
dot image