'നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ്; ആ കുട്ടിയുടെ കൂടെ നിങ്ങളോ സർക്കാരോ നിന്നിട്ടില്ല'; ശൈലജക്കെതിരെ ഷിബു മീരാൻ

'വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാ പെണ്‍കുഞ്ഞ് ഒന്ന് ചിരിച്ചെങ്കില്‍ അത് നിങ്ങളെ കൂടി തോല്‍പ്പിച്ചിട്ടാണ്'

'നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ്; ആ കുട്ടിയുടെ കൂടെ നിങ്ങളോ സർക്കാരോ നിന്നിട്ടില്ല'; ശൈലജക്കെതിരെ ഷിബു മീരാൻ
dot image

കൊച്ചി: സിപിഐഎം മുതിര്‍ന്ന നേതാവും എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയ്‌ക്കെതിരെ ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷിബു മീരാന്‍. പാലത്തായി സംഭവത്തില്‍ ഇടപെട്ടുവെന്ന ശൈലജയുടെ വാദത്തെ തള്ളിയാണ് ഷിബു മീരാന്‍ രംഗത്തെത്തിയിരിക്കുന്നത്. പാലത്തായി കേസില്‍ പ്രതി പത്മരാജന് കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരിച്ച് കെ കെ ശൈലജ രംഗത്തെത്തിയിരുന്നു. പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നില്‍ ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകരെന്നായിരുന്നു ശൈലജ പറഞ്ഞതിന്. ഇതിന് മറുപടിയുമായാണ് ഷിബു മീരാന്‍ രംഗതെത്തിയത്. നിങ്ങളീ പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഒരു സന്ദര്‍ഭത്തില്‍ പോലും ആ കുട്ടിയുടെ കൂടെ ശൈലജയോ, അന്നത്തെ ഗവണ്‍മെന്റോ നിന്നിട്ടില്ലെന്ന് ഷിബു മീരാൻ ആരോപിച്ചു..

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

പാലത്തായി…
കേരളത്തിന്റെ മനസാക്ഷി കോടതിയില്‍ പപ്പന്‍ മാത്രമല്ല പ്രതി…

നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ടീച്ചര്‍. ഒരു സന്ദര്‍ഭത്തില്‍ പോലും ആ കുട്ടിയുടെ കൂടെ നിങ്ങളോ, അന്നത്തെ ഗവണ്‍മെന്റോ നിന്നിട്ടില്ല.

1)വലിയ സമരങ്ങള്‍ക്കു ശേഷം, ദിവസങ്ങള്‍ക്ക് ശേഷമാണ് അന്ന് നിങ്ങള്‍ ബിജെപിക്കാരനായ ഈ റേപ്പിസ്റ്റിനെ അറസ്റ്റ് ചെയ്തത്. നിങ്ങളുടെ മൂക്കിന്റെ താഴെയാണ് അയാള്‍ ഒളിവില്‍ കഴിഞ്ഞത്.
2)വലിയ ഒച്ചപ്പാടുകള്‍ക്കുശേഷം കുറ്റപത്രം വളരെ വൈകിയാണ് സമര്‍പ്പിച്ചത്. കുറ്റപത്രം വൈകുന്നത് കൊണ്ട് ജാമ്യം ലഭിച്ചേക്കാം എന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ട ശേഷം. 90 ദിവസം തികയുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം.
3)നിങ്ങള്‍ കൂടി മന്ത്രിയായ ഗവര്‍ണ്‍മെന്റ് പോക്‌സോ വകുപ്പുകള്‍ ഇല്ലാതെയാണ് കുറ്റപത്രം നല്‍കിയത്. ജുവൈനല്‍ ആക്ടിലെ ദുര്‍ബല വകുപ്പുകളാണ് അന്ന് നിങ്ങള്‍ ചേര്‍ത്തത്.
4) ഇപ്പോള്‍ നിങ്ങള്‍ ഈ പറയുന്ന കൊടും ക്രൂരത എന്ന വാക്കില്ലേ, അതിനിരയായ ആ കുഞ്ഞിന്റെ മാനസികനിലയെ പോലും സംശയിച്ചിരുന്നു അന്ന് നിങ്ങളുടെ സിസ്റ്റം. ഇത്ര സെന്‍സിറ്റീവായ ഒരു കേസ് അന്വേഷിക്കുന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വോയിസ് അടക്കം ലീക്കായിരുന്നു അന്ന്.
5) മാനസികമായി തകര്‍ന്ന് പോയി പുറം ലോകത്തെ പോലും ഭയന്ന് പോയ ആ കുഞ്ഞിന്റെ വ്യാജ ഹാജര്‍ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്. ഒരു കുഴപ്പവും ഇല്ലാതെ സ്‌കൂളില്‍ വന്ന് പോകുന്നു എന്ന് സ്ഥാപിക്കലായിരുന്നില്ലേ ഉദ്ദേശം. കുറ്റമറ്റ അന്വേഷണത്തിന് വേണ്ടി ആ കുടുംബവും, നാട്ടുകാരും, മുസ്‌ലിം ലീഗ് അടക്കമുള്ള അവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ സമരങ്ങള്‍ വിജയം കണ്ടു. എവിടെ നിന്നോ കിട്ടിയ ധൈര്യം കൊണ്ട് ആ കുഞ്ഞും, അവളുടെ മാതാവും, കൂടെ നിന്ന നല്ലവരായ കുറേ മനുഷ്യരും പൊരുതി നേടിയെടുത്ത ഈ വിജയത്തിന്റെ ക്രെഡിറ്റടുക്കാന്‍ വരരുത് ടീച്ചര്‍.

അന്ന് ആ നാട്ടിലെ മനുഷ്യരുടെ വോട്ട് വാങ്ങി ജയിച്ച് എംഎല്‍എയും, പിന്നെ മന്ത്രിയുമായ നിങ്ങള്‍ തിരുവായ്‌ക്കെതിര്‍ വാ ഉരിയാടാതെ ആഭ്യന്തര വകുപ്പിനെ ന്യായീകരിക്കുന്ന ഗുളികകള്‍ വിതരണം ചെയ്തു പറഞ്ഞതൊന്നും കേരളം മറന്നിട്ടില്ല. അവനവന്റെ മനസാക്ഷിയെ വഞ്ചിച്ച് ഇങ്ങനെ പച്ചക്കള്ളം പറയുന്നതിന് മുന്‍പ്, ആ കുഞ്ഞിന്റെ പ്രായം തന്റെ പേരക്കുട്ടിയുടെതാണ് എന്നോര്‍ക്കുക.

ഓരോ നിമിഷവും നിങ്ങളാ ക്രൂരനായ സംഘിയോടൊപ്പമായിരുന്നു. നിങ്ങളുടെ സിസ്റ്റവും. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാ പെണ്‍കുഞ്ഞ് ഒന്ന് ചിരിച്ചെങ്കില്‍ അത് നിങ്ങളെ കൂടി തോല്‍പ്പിച്ചിട്ടാണ്.

അഡ്വ. ഷിബു മീരാന്‍.
ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ്.

പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം. കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞിരുന്നു. പാലത്തായി സംഭവത്തില്‍ ഒരുപാട് അപവാദങ്ങള്‍ പ്രചരിക്കപ്പെട്ടു. ഇപ്പോഴും അത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞിരുന്നു. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയും കെ കെ ശൈലജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ബിജെപിക്കാരനായ പ്രതിയെ സംരക്ഷിക്കാന്‍ അന്നത്തെ സ്ഥലം എംഎല്‍എയായ താന്‍ ശ്രമിച്ചുവെന്ന് യുഡിഎഫിലെ ചിലര്‍ കള്ളക്കഥ പ്രചരിപ്പിച്ചുവെന്നും എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം തന്റെ ഒപ്പം നിന്നുവെന്നുമായിരുന്നു ശൈലജ പറഞ്ഞത്.

Content Highlights- muslim youth league leader shibu meeran against k k shailaja over palathayi case

dot image
To advertise here,contact us
dot image