

കൊച്ചി: ട്വന്റി 20ക്കും ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നിതാ മോള്‍. ട്വന്റി 20 എന്ന പാര്‍ട്ടിയുടെ ശുദ്ധ തോന്നിവാസങ്ങള്‍ക്കും അഴിമതിക്കും കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നതാണ് തനിക്കെന്ന് നിതാ പറഞ്ഞു. അതില്‍ വിഷമം ഇല്ല. അഭിമാനമാണെന്നും നിതാ മോള്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കവെയാണ് ട്വന്റി 20യെ കടന്നാക്രമിച്ചത്.
മുഴുവന്‍ വാര്‍ഡും ട്വന്റി 20 ഭരിക്കുന്ന ഐക്കരനാട്ടില്‍ പ്രതിപക്ഷമില്ല. അതിനാല്‍ പലകാര്യങ്ങളും പുറത്തേക്ക് അറിയാന്‍ ജനങ്ങള്‍ക്ക് സാധിച്ചിരുന്നില്ലെന്നും നിതാ മോള്‍ പറഞ്ഞു.
'ട്വന്റി 20യുടെ എല്ലാ മെമ്പര്‍മാരും ട്വന്റി 20യിലെ ആളുകള്‍ക്കാണ് ആനുകൂല്യം കൊടുത്തത്. എന്നാല്‍ നിങ്ങള്‍ ആരും വിഷമിക്കേണ്ട. അവരെ പറ്റിക്കുകയായിരുന്നു. 15000 രൂപയുടെ പോത്തുകുട്ടി വിതരണം ചെയ്യുമ്പോള്‍ 7500 വ്യക്തിവിഹിതവും 7500 പഞ്ചായത്ത് വിഹിതവുമാണ്. തമിഴ്‌നാട്ടില്‍ പോയാല്‍ 3000 രൂപയ്ക്ക് പോത്തുകുട്ടിയെ കിട്ടും. ആ വിലയ്ക്ക് മൊത്തമായി വാങ്ങി വിതരണം ചെയ്ത് ആളുകളെ പറ്റിക്കുകയായിരുന്നു സാബു ജേക്കബ്. ഭക്ഷ്യസുരക്ഷാ കാര്‍ഡും തട്ടിപ്പാണ്. സാറാസിന്റേത് അടക്കം മുഴുവന്‍ കിറ്റെക്‌സിന്റെ ഉല്‍പ്പന്നങ്ങളാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ വില്‍ക്കുന്നത്. മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കാത്തതിനാല്‍ വാങ്ങാനും വഴിയില്ല. അതുകൊണ്ട് സ്വന്തം കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാബു ജേക്കബിന് മാര്‍ക്കറ്റിംഗിന് പോലും ആളെ കണ്ടേത്തേണ്ട. അടിമക്കാര്‍ഡ് ആണ്. ഇത്തവണ ട്വന്റി 20 നന്നായി വിയര്‍ക്കും', നിതാ മോള്‍ പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ ന്നാണ് ഇത്തവണ നിതാ മോള്‍ ജനവിധി തേടുന്നത്. കുന്നത്തുനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് നിതാ മോള്‍. അടുത്തിടെയാണ് നിതാ മോള്‍ ട്വന്റി- 20ല്‍ നിന്ന് രാജിവെച്ചത്.
Content Highlights: local body election nita mol against twenty 20 and sabu Jacob