

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുട്ടട വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ. പേര് വെട്ടി എന്നുള്ള വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും വൈഷ്ണ പ്രതികരിച്ചു. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.
'പരാതിപ്പെട്ടത് സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റ് ആളുകള്‍ ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. കോടതിയെ സമീപിക്കണോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കും', വൈഷ്ണ കൂട്ടിച്ചേര്‍ത്തു.
മേല്‍വിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല. പേരൂര്‍ക്കട ലോ കോളേജിലെ നിയമവിദ്യാര്‍ത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം തുടക്കം മുതല്‍ ശ്രദ്ധനേടിയിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാര്‍ക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തില്‍ കവടിയാറില്‍ ശബരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടര്‍ന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. കോണ്‍ഗ്രസ് അപ്പീലുമായി പോയേക്കും.
Content Highlights: Local Body Election Muttada UDF candidate responds on vote deletion