

തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂരിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് എം എം ഹസൻ. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് തരൂർ ഒഴിയണമെന്നും നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ പറഞ്ഞു.
ജനങ്ങൾക്കുവേണ്ടി ഒരുതുള്ളി വിയർപ്പ് തരൂർ പൊഴിച്ചിട്ടില്ല. അദ്ദേഹം തലമറന്ന് എണ്ണ തേക്കുകയാണെന്നും ഹസൻ പറഞ്ഞു. മറ്റു കുടുംബങ്ങളെ പോലെയാണോ നെഹ്‌റു കുടുംബം. ഇന്ദിരയും സോണിയയും രാഹുലുമെല്ലാം ഗാന്ധി കുടുംബത്തിൽ നിന്നായതുകൊണ്ട് മാത്രം നേതൃത്വത്തിലേക്ക് വന്നതാണോ. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വ്യക്തമാക്കി.
ബിജെപി നേതാവ് അദ്വാനിയെ പുകഴ്ത്താൻ തരൂർ ഇകഴ്ത്തിയത് നെഹ്‌റുവിനെയും ഇന്ദിരയെയുമാണ്. തനിക്ക് ഏറ്റവും കൂടുതൽ അമർഷമുണ്ടാക്കിയത് അതാണ്. സത്യത്തിൽ തലമറന്ന് എണ്ണ തേക്കുന്ന പ്രവർത്തിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായതെന്നും ഹസൻ പറഞ്ഞു.
താനും അദ്ദേഹത്തിനായി വോട്ട് ചെയ്ത ആളാണ്. സമൂഹത്തിനോ രാജ്യത്തിനോ വേണ്ടി ഒരുതുള്ളി വിയർപ്പുപോലും ചൊരിയാത്ത ആളാണ് തരൂർ. നെഹ്‌റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് രാഷ്ട്രീയത്തിൽ വന്നത്. അദ്ദേഹത്തിന് വിമർശിക്കാം എന്നാൽ കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റിയിൽ അംഗമായിരിക്കുമ്പോൾ, ബിജെപി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും എതിർക്കാൻ ഉപയോഗിക്കുന്ന അതേ ആയുധമെടുത്ത് എതിർക്കാൻ ശ്രമിക്കുന്നത് ശരിയല്ല. തരൂർ സ്വന്തം നിലയ്ക്ക് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിൽക്കണം. ഗാന്ധി കുടുംബത്തിനെതിരെ പറഞ്ഞ നിലപാട് മാറ്റിയില്ലെങ്കിൽ തരൂരിനെതിരെ ജനങ്ങൾക്കിടയിൽ ഇറങ്ങും. നെഹ്‌റു സെന്ററിന്റെ പേരിലാണ് ഇറങ്ങുക.
താനും വോട്ട് ചെയ്തതാണ്, തനിക്കിത് പറയാൻ അർഹതയുണ്ടെന്നും ഹസൻ പറഞ്ഞു. നെഹ്‌റു കുടുംബത്തിനെതിരെ തരൂർ അടുത്തിടെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിലാണ് ഹസന്റെ വിമർശനം.
Content Highlights: Senior leader MM Hassan gives strong response against Shashi Tharoor