ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല, അതിന് അര്‍ഹര്‍ ബേബിയും എം വി ഗോവിന്ദനും: ബിനോയ് വിശ്വം

എന്‍ഇപിയുമായി കൂട്ടിയിണക്കപ്പെട്ട പി എം ശ്രീ പദ്ധതി ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണെന്നും ബിനോയ് വിശ്വം

ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല, അതിന് അര്‍ഹര്‍ ബേബിയും എം വി ഗോവിന്ദനും: ബിനോയ് വിശ്വം
dot image

തിരുവനന്തപുരം: പി എം ശ്രീയില്‍ പ്രകോപനം ഉണ്ടാക്കുന്നത് പ്രിയപ്പെട്ട സഖാവ് വി ശിവന്‍കുട്ടിയാണെങ്കില്‍ കൂടി പ്രകോപിതരാകാന്‍ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് രാഷ്ട്രീയമാണ് വലുത്. ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

'പ്രകോപനം ഉണ്ടാക്കാനോ പ്രകോപിതനാകാനോ ഞാനില്ല. അതിന് എന്റെ രാഷ്ട്രീയബോധം എന്നെ അനുവദിക്കുന്നില്ല. ആ രാഷ്ട്രീയബോധം എല്ലാവര്‍ക്കും വേണം. പിഎം ശ്രീയെക്കുറിച്ച് വി ശിവന്‍കുട്ടിയെ എന്തെങ്കിലും പഠിപ്പിക്കാന്‍ ഞാന്‍ ആളല്ല. പി എം ശ്രീയെ സംബന്ധിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയം എന്താണെന്ന് ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ എന്തുകൊണ്ടും അര്‍ഹരും അവകാശമുള്ളവരും എംഎ ബേബിയും ഗോവിന്ദന്‍ മാഷുമാണ്. അവര്‍ പഠിപ്പിക്കട്ടെ', ബിനോയ് വിശ്വം പറഞ്ഞു.

എന്‍ഇപിയുമായി കൂട്ടിയിണക്കപ്പെട്ട പി എം ശ്രീ പദ്ധതി ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ്. അതിനെക്കുറിച്ചുള്ള ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശരിയെന്താണെന്ന് താന്‍ പഠിപ്പിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ശിവന്‍കുട്ടിയെ ചെറുതാക്കാന്‍ താനില്ല. പി എം ശ്രീയും സമഗ്രശിക്ഷാ കേരളയും രണ്ടും ഒന്നല്ല. രണ്ടും തമ്മില്‍ കൂട്ടിക്കെട്ടുന്നത് ബിജെപി രാഷ്ട്രീയമാണ്. അതല്ല എല്‍ഡിഎഫ് രാഷ്ട്രീയം. എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് അതൃപ്തി അയച്ചിരുന്നു. കത്തയച്ചത് എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന കണ്ടുവെന്നും കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്നമല്ലെന്നുമായിരുന്നു വി ശിവന്‍കുട്ടിയുടെ പരാമര്‍ശം. വിഷയത്തില്‍ ആരെങ്കിലും ഇടപെട്ടതുകൊണ്ട് ഒരു കൂട്ടരുടെ പരാജയവും മറ്റൊരു കൂട്ടരുടെ വിജയവുമായി വിശ്വസിക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Content Highlights:PM Shri I am not the person to teach Sivankutty Said Binoy Viswom

dot image
To advertise here,contact us
dot image