

ഇന്ത്യൻ ഫുട്ബോളിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയെ സമീപിക്കാനൊരുങ്ങി ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾ. വിഷയത്തിൽ എഐഎഫ്എഫ് നിസഹായാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ക്ലബ്ബുകൾ കേന്ദ്ര കായികമന്ത്രാലയത്തിന്റെ സഹായം തേടിയത്.
കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തുന്ന ചർച്ചയിൽ ഇന്ത്യൻ സൂപ്പർ ലീഗ്, ഐ-ലീഗ് ക്ലബ്ബുകളിലെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാ തലങ്ങളിലും ദീർഘകാല സ്ഥിരതയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ലീഗുകൾക്കും ഒരു പൊതു വാണിജ്യ പങ്കാളിയെ ആവശ്യമാണെന്ന് ഐ-ലീഗ് ക്ലബ്ബുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ശ്രമങ്ങൾക്കിടയിലും, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ മൗനം പാലിക്കുന്നത് മുന്നോട്ടുള്ള വെല്ലുവിളികൾ വർധിപ്പിക്കുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരും സീസൺ അനിശ്ചിതത്വത്തിലാണെന്ന് വീണ്ടും ഉറപ്പാക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പന്ത്രണ്ടാം സീസണിന്റെ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിളിച്ച ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. പുതിയ സീസണ്‍ ഡിസംബറില്‍ നടക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ടെന്‍ഡറില്‍ ആരും അപേക്ഷ നല്‍കാത്തതിനാല്‍ ലീഗ് ഇത്തവണ നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
Content Highlights: ISL, I-League clubs to meet Sports Minister