

കോട്ടയം: ഏറ്റുമാനൂരില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റുമാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്(ഐ) സെക്രട്ടറി സിബി തടത്തിലും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസി(എം)ല്‍ അംഗത്വമെടുത്തു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ജോസ് കെ മാണി എംപി അംഗത്വം നല്‍കി. ഇതിനോടകം പ്രവര്‍ത്തകരും നേതാക്കളുമായി 20ലധികം പേരാണ് കേരള കോണ്‍ഗ്രസി(എം)ല്‍ ചേര്‍ന്നത്. കോണ്‍ഗ്രസഹയാത്രികനും യൂത്ത് കോണ്‍ഗ്രസ് ബ്ലാക്ക് പ്രസിഡന്റുമായിരുന്ന ജിം അലക്‌സും കഴിഞ്ഞദിവസം കേരള കോണ്‍ഗ്രസിന് കൈ കൊടുത്തിരുന്നു. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ജിം അലക്‌സാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജനത്തിന് പിന്നാലെ അണികളുടെ കൊഴിഞ്ഞ് പോക്കാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാനപ്രശ്‌നം. കഴിഞ്ഞ തവണ നല്‍കിയ സീറ്റുകളില്‍ പ്രതീക്ഷയ്‌ക്കൊത്ത വിജയം കേരള കോണ്‍ഗ്രസിന് നേടാനാവാത്തതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്. അതിനാല്‍ കഴിഞ്ഞ തവണ നല്‍കിയ ഒന്‍പത് സീറ്റുകള്‍ ഇക്കുറി കേരള കോണ്‍ഗ്രസിന് നല്‍കണോ എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് കൂടുതല്‍ ദിവസങ്ങള്‍ ബാക്കിയില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും നടത്തേണ്ടതുണ്ട്. സീറ്റ് വിഭജനം പൂര്‍ത്തിയായില്ലെങ്കിലും പലരും സ്വന്തം നിലയ്ക്ക് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കി സീറ്റ് വിഭജനം നടത്താനാണ് മുന്നണികള്‍ ശ്രമിക്കുന്നത്.
Content Highlight; Defections continue to trouble Ettumanoor Congress