ഏറ്റുമുട്ടാന്‍ സഹോദരങ്ങള്‍; ഇരുവരും വിജയപ്രതീക്ഷയില്‍, ചെറ്റപ്പാലത്ത് തീപ്പൊരി പാറും

ചെറ്റപ്പാലം വാര്‍ഡില്‍ മത്സരത്തിനിറങ്ങുന്നത് സഹോദരങ്ങളാണ്

ഏറ്റുമുട്ടാന്‍ സഹോദരങ്ങള്‍; ഇരുവരും വിജയപ്രതീക്ഷയില്‍, ചെറ്റപ്പാലത്ത് തീപ്പൊരി പാറും
dot image

മാനന്തവാടി: തെരഞ്ഞെടുപ്പ് കാലമായാല്‍ പല കൗതുകകരമായ സംഭവങ്ങള്‍ക്കും നമ്മള്‍ സാക്ഷ്യം വഹിക്കാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് മാനന്തവാടിയില്‍ നിന്നും വരുന്നത്. മാനന്തവാടി നഗരസഭാപരിധിയിലെ ചെറ്റപ്പാലം വാര്‍ഡില്‍ മത്സരത്തിനിറങ്ങുന്നത് സഹോദരങ്ങളാണ്.

യുഡിഎഫ് പാനലില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയും ഇദ്ദേഹത്തിന്റെ സഹോദരനായ സി ആബുട്ടി എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് ഇവിടെ പോരിനിറങ്ങുന്നത്. ജ്യേഷ്ഠന്‍ കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമാണ്. എന്നാല്‍ രണ്ടു തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അനുഭവപരിചയമുണ്ട് അനുജന്‍ ആബുട്ടിക്ക്.

1967-ല്‍ മാനന്തവാടി ഗവ. ഹൈസ്‌കൂളില്‍ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ പ്രവേശനം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാല്‍നൂറ്റാണ്ടായി മാനന്തവാടി ടൗണ്‍ ചുമട്ടുതൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും ക്ഷേമനിധി ബോര്‍ഡംഗവുമാണ്. മുസ്ലിം ലീഗ് ജില്ലാസെക്രട്ടറി, ചുമട്ടു തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) സംസ്ഥാന സെക്രട്ടറി എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

1980 മുതല്‍ സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ആബുട്ടി. 1992-ല്‍ പാര്‍ട്ടി അംഗത്വം നേടി. മാനന്തവാടി ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ആബുട്ടി പരാജയപ്പെട്ടു. നിലവില്‍ സിപിഐഎം മാനന്തവാടി ടൗണ്‍ ബ്രാഞ്ചംഗമാണ്.

എല്‍ഡിഎഫിന് പ്രതീക്ഷയുള്ള വാര്‍ഡാണ് ചെറ്റപ്പാലം എന്നാണ് ആബുട്ടി പറയുന്നത്. ജ്യേഷ്ഠാനുജന്മാര്‍ എന്നതിലുപരി എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണിതെന്നും ആബുട്ടി കൂട്ടിച്ചേര്‍ത്തു. വിജയപ്രതീക്ഷയുണ്ടെന്നും നിലവിലുള്ള ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജനം കൂടെനില്‍ക്കുമെന്ന ഉറപ്പുണ്ടെന്നുമാണ് കുഞ്ഞബ്ദുള്ള പറയുന്നത്.

Content Highlights: Brothers contesting in Chettapalam ward under Mananthavady municipality

dot image
To advertise here,contact us
dot image