

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല.
ശ്രേയസിന്റെ അഭാവത്തില്‍ ആരാകും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ മധ്യനിരയിലെത്തുക എന്ന ചര്‍ച്ചകളും സജീവമാണ്. സഞ്ജു സാംസണ്‍, തിലക് വര്‍മ, ധ്രുവ് ജുറല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ബിസിസിഐക്ക് മുന്നിലുള്ള സാധ്യതകളാണ്. ദക്ഷിണാഫ്രിക്ക എ ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിൽ നിന്ന് തിളങ്ങുന്ന താരങ്ങൾക്കാവും മുൻഗണന. ഇന്ത്യ എ ടീമിലില്ലാത്ത സഞ്ജുവിന് അങ്ങനെയെങ്കിൽ സാധ്യത മങ്ങും.
ഇവരെയൊന്നും കൂടാതെ മറ്റൊരു താരത്തിലേക്കും ബിസിസിഐ ഉറ്റുനോക്കുന്നുണ്ട്. ഇതുവരെ ഒരു ഏകദിനം മാത്രം കളിച്ചിട്ടുള്ള യശസ്വി ജയ്‌സ്വാളിലേക്ക്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനുള്ള കഴിവുണ്ടായിട്ടും നിലവില്‍ ടെസ്റ്റില്‍ മാത്രമാണ് ജയ്‌സ്വാള്‍ കളിക്കുന്നത്.
ശ്രേയസിന്റെ അഭാവത്തിൽ ജയ്‌സ്വാളിന് അവസരം കൊടുക്കാൻ ബി സി സി ഐ തീരുമാനിച്ചാൽ രോഹിത്തിനൊപ്പം ജയ്‌സ്വാള്‍ ഓപ്പണ്‍ ചെയ്‌തേക്കും. ജയ്‌സ്വാള്‍ വരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറിലും മാറ്റം വരും. ഗില്‍ മൂന്നാം സ്ഥാനത്തേക്കും കോലി നാലാം സ്ഥാനേത്തേക്കും ഇറങ്ങും. ഇരുവരുടേയും സ്ഥാനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറാനും സാധ്യത ഏറെ.
റിഷഭ് പന്ത് അഞ്ചാമനും കെ എല്‍ രാഹുല്‍ ആറാമനുമാകും. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുള്‍പ്പെടെയുള്ള താരങ്ങള്‍. പേസര്‍മാരായി മുഹമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും. ഇങ്ങനെ ആയിരിക്കാം ഇന്ത്യയുടെ ഏകദിന ടീം.
Content Highlights: Jaiswal is back!; Gill's opening slot may be lost in ODIs too