

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചു. ദളിത് ഗവേഷക വിദ്യാര്‍ത്ഥി വിപിന്‍ വിജയനെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് ഡോ. സി എന്‍ വിജയകുമാരി ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിക് സത്യസന്ധത ഉയര്‍ത്തിപ്പിടിച്ചതിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഡോ. സി എന്‍ വിജയകുമാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് വിജയകുമാരിയുടെ ഹര്‍ജിയില്‍ സര്‍വകലാശാലയോടും പൊലീസിനോടും ഹൈക്കോടതി വിശദീകരണം തേടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. തുടർന്ന് ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിൻ്റെ പേരില്‍ പരാതി നല്‍കിയത്. 'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.
2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിൻ്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നെന്നും എഫ്ഐആറില്‍ സൂചിപ്പിച്ചിരുന്നു.
എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു.
Content Highlights: Dr.C N Vijayakumari approached High Court on caste abuse in Kerala University case