വിവാദ ഗാനമല്ല,താനും പാടിയിട്ടുണ്ടെന്ന് യുവ കോൺഗ്രസ് നേതാവ്; സതീശന്റെ കോൺഗ്രസല്ലാത്തവരുണ്ടെന്ന് സുരേന്ദ്രൻ

'അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു'

വിവാദ ഗാനമല്ല,താനും പാടിയിട്ടുണ്ടെന്ന് യുവ കോൺഗ്രസ് നേതാവ്; സതീശന്റെ കോൺഗ്രസല്ലാത്തവരുണ്ടെന്ന് സുരേന്ദ്രൻ
dot image

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവേളയിൽ ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ പിന്തുണച്ച് മുന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ. കുട്ടികള്‍ പാടിയത് ഒരു വിവാദഗാനമല്ലെന്നും വർഷങ്ങൾക്ക് മുൻപ് താനും ഭാരത് സ്‌കൗട്ട് ആൻഡ് ഗെയ്ഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിട്ടുണ്ടെന്നും എൻ എസ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. എന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാവരും മാറ്റിയെ തീരൂവെന്നും വിവാദ ഗണഗീതാലാപന വീഡിയോ പങ്കുവെച്ച് എൻ എസ് നുസൂർ കുറിച്ചു. ഗാനം ആലപിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'എന്ത് മനോഹരമായാണ് കുട്ടികൾ ഈ ഗാനം പാടിയത്. അത് ഒരിക്കലും ഒരു വിവാദഗാനം അല്ല. വർഷങ്ങൾക്ക് മുൻപ് ഞാനും ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിരുന്നു. ഇന്നും അത് തുടർന്ന് വരുന്നുമുണ്ട്. പിന്നെന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാപേരും മാറ്റിയെ തീരൂ.. ഗാനം ആലപിച്ച കൂട്ടുകാർക്ക് ആശംസകൾ നേരുന്നു..' എന്നാണ് കുറിപ്പിലുള്ളത്.

ഇതിനിടെ നുസൂറിന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. 'എന്തായാലും സതീശന്റെ കോൺഗ്രസല്ലാത്തവരുമുണ്ട്' എന്ന കുറിപ്പോടെയാണ് സുരേന്ദ്രൻ നുസൂറിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ രൂക്ഷ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയിരുന്നത്. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നത്. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ വേദിയിൽ പരിപാടിയില്‍ പാടിയാല്‍ മതി. സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞിരുന്നു.

പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികളാണ് ആര്‍എസ്എസ് ഗണഗീതം ആലപിച്ചത്. ഈ വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതോടെയാണ് വിവാദം ഉടലെടുത്തത്. 'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlights: Youth Congress leader NS Nusoor supports singing of RSS ganageetham at Vande bharat

dot image
To advertise here,contact us
dot image