

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയത്തെ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്നും ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും ഉൾപ്പടെ പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയതിലെ ആശങ്ക മനസ്സിലാക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല. ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. ധാർമികതയുടെ പേരിൽ ആരോപണ വിധേയരായ വ്യക്തികൾ സ്വയം വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം….
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല.
ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.
ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.
പാലക്കാട് നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. മന്ത്രിമാരായ എം ബി രാജേഷും വി ശിവൻകുട്ടിയും വേദിയിലുണ്ടായിരുന്നപ്പോഴാണ് രാഹുൽ എത്തിയത്. തുടർന്ന് ചടങ്ങിൽ അദ്ദേഹം ആശംസാ പ്രസംഗം നടത്തുകയും ചെയ്തിരുന്നു. രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങിയിരുന്നു. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്. സ്ത്രീവിരുദ്ധ പ്രവർത്തികൾ ചെയ്യുന്ന എംഎൽഎയ്‌ക്കൊപ്പം വേദി പങ്കിടാൻ താൽപര്യമില്ലെന്നായിരുന്നു മിനി കൃഷ്ണകുമാറിന്റെ പ്രതികരണം.
Content Highlights : V Sivankutty explains Rahul Mamkootathil's Participation at the inauguration of the State School Science Festival