അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശി പൊലീസ് കസ്റ്റഡിയിൽ

അങ്കമാലിയില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്
dot image

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍. കറുകുറ്റി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകളായ മറിയം സാറയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയം കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തില്‍ മുറിവേറ്റ നിലയില്‍ മാതാവ് കാണുന്നത്. ഈ സമയം കുട്ടിയുടെ അച്ഛനും അമ്മയുടെ മാതാവും പിതാവും വീട്ടില്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ അച്ഛനും അമ്മയും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന സംശയമുദിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ മാതാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കൊലനടത്തിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് സോഡിയം കുറയുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇവര്‍ അബോധാവസ്ഥയിലായി. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയും അച്ഛനും അടക്കം വീട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം എന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Content Highlights- six month old child found dead inside home in angamaly

dot image
To advertise here,contact us
dot image