

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും അദ്ദേഹത്തിന്റെ പിഎയുമായിരുന്ന ഡി സുധീഷ് കുമാറിന്റെ മൊഴി. ശബരിമല സ്വര്‍ണക്കൊള്ളയടമുള്ള എല്ലാ വിഷയങ്ങളും വാസുവിന് അറിയാമായിരുന്നു എന്നാണ് സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. സുധീഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചു. വാസുവിന്റെ കൈപ്പടയിലെഴുതിയ കത്തടക്കമാണ് ലഭിച്ചത്. ഇത് എസ്‌ഐടി വിശദമായി പരിശോധിക്കും. വാസുവിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും എസ്‌ഐടി അന്വേഷണം നടത്തും.
എന്‍ വാസു തിരുവാഭരണം കമ്മീഷണര്‍ ആയിരുന്ന കാലഘട്ടത്തിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടക്കുന്നത്. ഈ സമയത്ത് സുധീഷ് കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു. 2019 ല്‍ എ പത്മകുമാര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ എന്‍ വാസു ആ സ്ഥാനത്തേയ്ക്ക് എത്തി. അന്ന് വാസുവിന്റെ പിഎയായി പ്രവര്‍ത്തിച്ചത് സുധീഷ് കുമാറായിരുന്നു. ശബരിമലയിലെ സ്വര്‍ണക്കൊള്ള വാസുവിന്റെ അറിവോടെയാണെന്നാണ് സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വാസുവിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി വിളിപ്പിച്ചിരുന്നു. എന്നാല്‍ സുധീഷ് കുമാറിന്റെ ആരോപണങ്ങള്‍ വാസു നിഷേധിച്ചു. സുധീഷ് കുമാറിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക രേഖകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരമാനം. വരുംദിവസങ്ങില്‍ വാസുവിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പല തവണ പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതില്‍പ്പാളിയിലെ സ്വര്‍ണം 2019 മാര്‍ച്ചില്‍ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം 2019 ഓഗസ്റ്റില്‍ കവര്‍ന്നതായും കരുതപ്പെടുന്നു. വിശദമായ അന്വേഷണത്തിന്റെയും തെിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും പിന്നീട് മുരാരി ബാബുവിനെയും അറസ്റ്റ് ചെയ്തത്. ഇതാണ് പിന്നീട് സുധീഷ് കുമാറിലേക്കും നീണ്ടത്.
Content Highlights- SIT may questioning n vasu again on sabarimala gold theft case