

കോഴിക്കോട്: സമവായ ശ്രമങ്ങൾക്കിടയിലും സമസ്തയിലെ തർക്കം മറനീക്കി പുറത്തുവരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡർ എന്ന വാഫി പ്രചരണം സമസ്ത വിരുദ്ധമാണെന്ന ആരോപണവുമായി എസ്‌കെഎസ്എസ്എഫ് രംഗത്തെത്തി. സമസ്ത പാണക്കാട് കുടുംബത്തിനെതിരാണെന്ന പ്രതീതിയുണ്ടാക്കുന്നുവെന്നാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷറഫിന്റെ വിമർശനം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരള മുസ്‌ലിംകളുടെ സുപ്രീം ലീഡറാണെന്നും സമസ്ത മുശാവറക്കും മറ്റു സുന്നി സംഘടനകൾക്കുമെല്ലാം മുകളിൽ അദ്ദേഹമാണെന്നും ഒരു പുതിയ കണ്ടുപിടുത്തം എന്ന പോലെ സാമൂഹ്യ മാധ്യമ പ്രചാരണം നടത്തുകയാണ് ചില വാഫി സുഹൃത്തുക്കൾ. സമുദായ നേതൃത്വത്തെ ബഹുമാനാദരവുകളോടെ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമസ്ത പ്രവർത്തകർക്ക് ഇത്തരം ക്യാമ്പയിനുകൾക്ക് പിന്നിലുള്ള താല്പര്യക്കാരെ കൃത്യമായി അറിയാമെന്ന് ഒപിഎം അഷറഫ് അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
'പാണക്കാട് തങ്ങളുടെ പേര് പറഞ്ഞ് സമസ്തയെ മോശമാക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം, സമസ്തയല്ലാതെ ഏത് മുസ്‌ലിം സംഘടനയാണ് പാണക്കാട് തങ്ങളെ അവരുടെ സുപ്രീം ലീഡറായി കാണുന്നത്?. സമസ്ത നൂറാം വാർഷികാഘോഷത്തിന്റെ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തത് ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേത് മുസ്‌ലിം സംഘടനയാണ് അവരെ ഇങ്ങനെ സുപ്രീം ലീഡറാക്കിയത്. എന്നാൽ സ്‌നേഹം എഴുതി ബോധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കാപട്യം നമ്മൾ എത്ര പ്രാവശ്യം കണ്ടതാണ്. നേരത്തെ സുപ്രീം ലീഡറായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വാഫി സർട്ടിഫിക്കറ്റ് എങ്ങനെയാവണമെന്ന് നിർദ്ദേശിച്ചപ്പോൾ, അത് ധിക്കരിച്ചത് സമസ്തയല്ല. സിഐസി ജനറൽ സെക്രട്ടറിയോട് രാജിവെക്കണമെന്ന് തങ്ങൾ പറഞ്ഞപ്പോൾ രാജിവെക്കാം, പക്ഷെ അന്തിമ തീരുമാനം സെനറ്റിന്റേതാണെന്ന് പറഞ്ഞവർക്ക് തങ്ങൾ സ്‌നേഹം ഇതുപോലെ ഇടയ്ക്കിടെ എഴുതി പ്പിടിപ്പിക്കേണ്ടി തന്നെ വരും. സിഐസി പ്രശ്‌ന പരിഹാരത്തിന് വേണ്ടിയുള്ള ഒത്തുതീർപ്പ് ഫോർമുലക്ക് നേതൃത്യം നൽകിയതും താഴെ ഒപ്പുവെച്ചതും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളാണ്. എന്നാൽ ഫോർമുല സമസ്ത നിരുപാധികം അംഗീകരിച്ചു എങ്കിലും ഇപ്പോഴും അത് അംഗീകരിക്കാതെ സുപ്രീം ലീഡറെ സെനറ്റിന് താഴെ നിർത്തിയിരിക്കുകയല്ലേ ഈ കപട സ്‌നേഹികൾ. ഇവരുടെ ഇത്തരം ക്യാമ്പയിനുകളിൽ നിന്ന് ഒരു കാര്യം കൂടി വ്യക്തമാണ്. സമുദായ നേതൃത്വത്തിൽ ആരാണ് വലുത്, ആരാണ് ചെറുത് എന്ന മുമ്പൊന്നുമില്ലാത്ത അനാവശ്യവും അപക്വവുമായ ചില ചർച്ചകൾ തുടങ്ങിവച്ച് ഭിന്നിപ്പുണ്ടാക്കുന്നതിന്റെ പിന്നിൽ ഇവരാണെന്ന്. ആയതിനാൽ ഭിന്നിപ്പിന്റെ ശക്തികളെ ഒറ്റപ്പെടുത്തി, തെറ്റു ധാരണകൾ ദൂരീകരിച്ച് പാരമ്പര്യവഴിയിലൂടെ നമുക്ക് ഒന്നിച്ച് നീങ്ങാം' എന്നാണ് ഒപിഎം അഷറഫിന്റെ കുറിപ്പിൽ പറയുന്നത്.
ആരാണ് സുപ്രീം ലീഡർ എന്നതാണ് സമസ്തയ്ക്കുള്ളിലെ യഥാർത്ഥ പ്രശ്‌നം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സമുദായത്തിന്റെ സുപ്രീം ലീഡർ എന്നുള്ളതാണ് സമസ്തയിലെ ലീഗ് അനുകൂലികൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ പാണക്കാട് കുടുംബത്തിന്റെ ആധിപത്യം ലീഗ് വിരുദ്ധർ അംഗീകരിക്കാറില്ല. ഇതിനിടെയാണ് വാഫി വാഫിയ കോളേജിലെ കുട്ടികൾ സമുദായത്തിന്റെ സുപ്രീം ലീഡർ എന്ന പേരിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച് പ്രചരണം നടത്തിയത്. ഇതിനെതിരെയാണ് ഒപിഎം അഷറഫ് രംഗത്തെത്തിയത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വെച്ചുകൊണ്ട് പ്രചരണം നടത്തുന്നവർ സമസ്ത വിരുദ്ധ പ്രചരണമാണ് നടത്തുന്നതെന്നും തങ്ങളും സമസ്തയും തമ്മിൽ എന്തോ പ്രശ്‌നമുണ്ടെന്ന രീതിയിൽ വരുത്തിതീർക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് അഷറഫ് ആരോപിക്കുന്നത്. സമസ്ത നൂറാം വാർഷിക പരിപാടി ബഹിഷ്‌ക്കരിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചിരുന്നു.
Content Highlights: Despite efforts at consensus, the controversy within Samastha is coming to the fore