ഗോവര്‍ധന്‍ സാക്ഷിയാകും; സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; കൈമാറിയത് നാണയരൂപത്തില്‍

2020ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് സ്വര്‍ണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തി

ഗോവര്‍ധന്‍ സാക്ഷിയാകും; സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; കൈമാറിയത് നാണയരൂപത്തില്‍
dot image

ബെംഗളൂരും: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ് വിറ്റത്. ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് സ്വര്‍ണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തി.

476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത്. ഇതില്‍ 400 ഗ്രാമില്‍ അധികം സ്വര്‍ണം എസ്‌ഐടി ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി നാണയങ്ങളുടെ രൂപത്തില്‍ നല്‍കിയ സ്വര്‍ണം സ്വര്‍ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പൊതുമുതല്‍ മോഷ്ടിച്ചുവിറ്റെന്ന കുറ്റവും ചുമത്തും. പോറ്റിയുടെ വീട്ടില്‍ നിന്നും സ്വര്‍ണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇത് മോഷണമുതലാണോ എന്നതില്‍ എസ്‌ഐടി പരിശോധിക്കും.

അതിനിടെ ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ എസ്‌ഐടി പരിശോധന നടത്തുകയാണ്. മകന്‍ അവിടെ താമസിക്കുന്നതായാണ് വിവരം. ശ്രീറാംപുര അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.

സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്ത 109 ഗ്രാം സ്വര്‍ണ്ണവും വീണ്ടെടുക്കാനാണ് എസ്‌ഐടിയുടെ ശ്രമം. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകത്തിലെ മറ്റ് പലരില്‍ നിന്നും സ്വര്‍ണവും പണവും വാങ്ങിയതായും എസ്‌ഐടി കണ്ടെത്തിയിരുന്നു. തന്റെ പക്കല് നിന്ന് സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരില്‍ പലപ്പോഴായി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വാങ്ങിയതായി ഗോവര്‍ധന്‍ മൊഴി നല്‍കിയിരുന്നു. സാന്നിധാനത്തെ വാതിലിലും കട്ടിളയിലും പൂശാന്‍ സ്വര്‍ണം നല്‍കിയത് താനാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ തന്റെ പേരിലുള്ള ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും ഗോവര്‍ധന്‍ മൊഴി നല്‍കി.

Content Highlights: Govardhan will be a witness in Gold case Sabarimala

dot image
To advertise here,contact us
dot image