
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി സന്നിധാനത്ത് നിന്നും സ്വർണപാളികൾ ഏറ്റുവാങ്ങിയ അനന്തസുബ്രഹ്‌മണ്യത്തെയാണ് ചോദ്യം ചെയ്യുന്നത്. സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് ഇയാളായിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ അനന്ത സുബ്രഹ്‌മണ്യത്തിന്റെ പങ്കിനെ പറ്റി വ്യക്തമാക്കിയിരുന്നു.
ഇന്ന് രാവിലെയാണ് ബെംഗളൂരുവിൽനിന്ന് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അനന്തസുബ്രഹ്‌മണ്യത്തെ വിളിച്ചുവരുത്തിയത്. ആദ്യം ഒറ്റയ്ക്ക് ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ പോറ്റിയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യുന്നത്.
അതേസമയം, അനന്തസുബ്രഹ്‌മണ്യത്തിന്റെയും നാഗേഷിന്റെയും വീടുകളിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഇരുവരുടേയും ബെംഗളൂരുവിലെ വീടുകളിലാണ് പരിശോധന. കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
ബെംഗളൂരുവിൽനിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഹൈദരാബാദിൽ സ്വർണപ്പണി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാൾ. ഒരുമാസത്തോളം നാഗേഷ് സ്വർണം കൈയ്യിൽ വച്ചിരുന്നു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം എത്തിച്ചതും നാഗേഷ് ആയിരുന്നു.
Content Highlights: SIT questions Unnikrishnan Potty's friend in Sabarimala gold theft