
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലേര്‍ട്ടുമാണ്. നാളെ 12 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കണ്ണൂരും കാസർകോടുമാണ് മുന്നറിയിപ്പില്ലാത്തത്. അടുത്ത ദിവസങ്ങളിൽ മധ്യ-തെക്കൻ കേരളത്തിൽ മഴ കനക്കും.
മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമർദവും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ ഇടയാക്കിയത്. ചക്രവാതചുഴി രണ്ടുദിവസത്തിനകം അതിശക്തമായ തീവ്രന്യൂനമർദമായി മാറിയേക്കും. അതിനാൽ തന്നെ അടുത്ത ഏഴ് ദിവസം മഴ തുടരും.
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ തീരങ്ങളിലും അതിനോട് ചേർന്ന കടൽപ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 5 കിമീ വരെയും ചിലപ്പോൾ 55 കിമീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Content Highlights: rain forecast updates kerala