
കൊച്ചി: വിഷാദം, മൂഡ് സ്വിങ്‌സ് തുടങ്ങിയ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. ഡിപ്രെഷന്‍ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു തമാശയാണെന്നും സ്വയം അതനുഭവിച്ചാലോ പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെട്ടാലോ ആണ് അതിന്റെ ആഴം മനസിലാകുകയുള്ളുവെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'അറിവില്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് അതിനെ പറ്റി പറഞ്ഞു പരിഹസിച്ച് അട്ടഹസിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും കാണിക്കാം നമുക്ക്. വിഷാദം ഒരു വെറും വാക്കല്ല! മൂഡ് സ്വിങ്‌സ് ഒരു വെറും വാക്കല്ല! They do exist', സൗമ്യ സരിന്‍ പറഞ്ഞു.
ഡിപ്രഷനെക്കുറിച്ച് നടി കൃഷ്ണപ്രഭ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖം വിവാദമായിരുന്നു. 'ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്‌നമായി കേള്‍ക്കുന്നത് ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു.' എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം.
പിന്നാലെ സിനിമാ രംഗത്ത് നിന്നും ആരോഗ്യ രംഗത്ത് നിന്നുമുള്‍പ്പെടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മൂഡ് സ്വിങ്‌സുമായി ബന്ധപ്പെട്ട് സ്ത്രീകളെ കുറ്റപ്പെടുത്തി പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂര്‍ രംഗത്തെത്തിയതും വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമര്‍ശം.
'സ്ത്രീകള്‍ക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാര്‍ക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം', അഭിഷാദ് പറഞ്ഞു.
Content Highlights: Soumya Sarin about Mood Swings and deppresion