
മലപ്പുറം: പേരാമ്പ്രയിൽ കോൺഗ്രസ്- പൊലീസ് സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലാത്തിച്ചാർജ് നടത്തിയില്ലെന്ന് പൊലീസുകാർക്ക് പറയാനാകില്ല. അവർ ലാത്തികൊണ്ട് കോൽക്കളി കളിക്കുകയാണ് ചെയ്തതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലാത്തികൾ ആകാശത്ത് നിരന്തരം പൊങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധിച്ച പ്രവർത്തകരുടെ തലയ്ക്ക് നോക്കിയാണ് അടിച്ചത്. അവർ അടിച്ചില്ലെന്ന് പറഞ്ഞാൽ അത് ശരിയാകില്ല. ശബരിമല പ്രശ്‌നത്തിൽനിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കണമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല വിഷയത്തിൽ യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ടു പോകുകതന്നെ ചെയ്യും. മുനമ്പം പ്രശ്‌നം പരിഹരിക്കാൻ മുൻകൈ എടുക്കേണ്ടത് സർക്കാരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്നലെയാണ് കോഴിക്കോട് പേരാമ്പ്രയിലുണ്ടായ സംഘർഷത്തിൽ ഷാഫി പറമ്പിലിന് പരിക്കേറ്റത്. മൂക്കിന് പരിക്കേറ്റ അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. സംഘർഷത്തിൽ ഷാഫി അടക്കം എട്ട് യുഡിഎഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിഷേധത്തിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന 692 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആർ.
Content Highlights: Shafi Parambil's assault incident, P K Kunhalikutty reaction