
കോട്ടയം: കോട്ടയത്തും ഇടുക്കിയിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം. കോട്ടയത്ത് എന്‍എസ്എസ് തോട്ടകം കരയോഗ അംഗങ്ങള്‍ ആത്മാഭിമാന സദസ് സംഘടിപ്പിച്ചു. തോട്ടകം എന്‍എസ്എസ് കരയോഗം ഹാളിലാണ് പരിപാടി നടത്തിയത്. പ്രതിഷേധ യോഗം എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോക്ടര്‍ സി ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അമ്പതോളം പേര്‍ പങ്കെടുത്തു.
കരയോഗത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് കരയോഗം പ്രസിഡന്റ് പറയുന്നത്. ഇടുക്കി അണക്കരയിലാണ് സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ നാമജപ ഘോഷയാത്ര നടന്നത്. എന്‍എസ്എസ് വണ്ടന്‍മേട് മേഖലാതലത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. എന്നാല്‍ വിമത വിഭാഗമാണ് പരിപാടി നടത്തുന്നതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നാലെ ഉയര്‍ന്നത്.
തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. ആലപ്പുഴയിലും തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലുമാണ് കൂടുതൽ ബാനറുകൾ ഉയർന്നത്. പത്തനംതിട്ടയിൽ തിരുവല്ല, പെരിങ്ങര എൻഎസ്എസ് കരയോഗത്തിന് സമീപവും പെരിങ്ങര ജംഗ്ഷനിലും ബാനർ സ്ഥാപിച്ചിട്ടുണ്ട്. പെരിങ്ങര ലക്ഷ്മി നാരായണ ക്ഷേത്ര ജംഗ്ഷനിലും ബാനർ വെച്ചിട്ടുണ്ട്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ. പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക എന്നീ വാചകങ്ങളാണ് ബാനറിൽ ഉള്ളത്. സ്വന്തം കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെയും എൻഎസ്എസിനേയും പിന്നിൽ നിന്ന് കുത്തിയെന്നും ജനറൽസെക്രട്ടറി സ്ഥാനത്തുനിന്നും അദ്ദേഹം രാജിവെക്കണമെന്നും ഈ ബാനറിൽ എഴുതിയിരുന്നു.
Content Highlights: Protests against Sukumaran Nair in Kottayam and Idukki