
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കരൂരില്‍ നടനും ടിവികെ നേതാവുമായി വിജയ്‌യുടെ റാലിയിലുണ്ടായ ദുരന്തത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം അത്യധികം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരണങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
ആവശ്യമെങ്കില്‍ സഹായം വാഗ്ദാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമായി മന്ത്രി വീണാ ജോര്‍ജും ഫോണില്‍ സംസാരിച്ചു. കേരളത്തില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അയക്കാന്‍ തയ്യാറാണെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കരൂരിലേത് വേദനിപ്പിക്കുന്ന സംഭവമെന്നായിരുന്നു ദ്രൗപതി മുര്‍മു പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു. കരൂരില്‍ ഉണ്ടായത് ദുഃഖകരമായ സംഭവമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പരിക്കേറ്റവര്‍ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നതായും മോദി പറഞ്ഞിരുന്നു.
കരൂരിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖിതനാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. കരൂരിലേത് ദാരുണ ദുരന്തമെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് തന്റെ ചിന്തയെന്നും അവര്‍ക്ക് ഈ പ്രതിസന്ധിഘട്ടം മറികടക്കാന്‍ കഴിയട്ടെ എന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അധികാരികളെ സഹായിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുമെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്.
ഇന്ന് വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്. തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. 38 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. മരിച്ചവരില്‍ മൂന്ന് കുട്ടികളും പതിനാറ് സ്ത്രീകളുള്ളതായും വിവരമുണ്ട്. 58ല്‍ അധികം പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.
Content Highlights- CM Pinarayi vijayan on vijay rally stampede