'ഏതോ 4 നായന്മാർ എൻഎസ്എസിൽ നിന്ന് രാജിവെച്ചാൽ ഒന്നുമില്ല,250 രൂപ കൊടുത്താൽ ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം'

ജി സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

'ഏതോ 4 നായന്മാർ എൻഎസ്എസിൽ നിന്ന് രാജിവെച്ചാൽ ഒന്നുമില്ല,250 രൂപ കൊടുത്താൽ ഏത് അലവലാതിക്കും ഫ്‌ളക്‌സ് അടിക്കാം'
dot image

പത്തനംതിട്ട: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്) ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് പിന്തുണയുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചെന്നും രാജിവെച്ചാല്‍ അവര്‍ക്ക് പോയെന്നും മന്ത്രി പറഞ്ഞു. ജി സുകുമാരന്‍ നായര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടയിലാണ് മന്ത്രിയുടെ പിന്തുണ. പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ്‌കുമാര്‍.

'ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാര്‍ എന്‍എസ്എസില്‍ നിന്ന് രാജിവെച്ചു. രാജിവെച്ചാല്‍ അവര്‍ക്ക് പോയി. അതിനര്‍ത്ഥം എന്‍എസ്എസിലെ എല്ലാ നായന്മാരും രാജിവെക്കുമെന്നാണോ. അവര്‍ ആരാണെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അവര്‍ എന്‍എസ്എസിന് എതിരാണ്. ആരെയും എന്തും പറയാവുന്ന ഒരു നാട്ടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചു. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്‌ളക്‌സ് വെക്കാം', അദ്ദേഹം പറഞ്ഞു.

ജി സുകുമാരന്‍ നായര്‍ കരുത്തുറ്റ നേതാവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പിന്നില്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 'എന്‍എസ്എസ് സമദൂര സിദ്ധാന്തവുമായാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായം പറയാന്‍ പാടില്ലെന്ന് പറയുന്നത് നല്ലതല്ല. അദ്ദേഹം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. ഇതിന് മുമ്പ് സര്‍ക്കാരിന് എതിരെ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അനുകൂലമായി പറഞ്ഞിട്ടുണ്ട്', മന്ത്രി പറഞ്ഞു.

അതത് കാലഘട്ടങ്ങളില്‍ എന്‍എസ്എസ് അഭിമുഖീകരിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായമാണ് സുകുമാരന്‍ നായര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ മോശമാണെന്നല്ല പറയുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജി സുകുമാരന്‍ നായരുടെ കയ്യില്‍ കറ പുരണ്ടിട്ടില്ലെന്നും എന്‍എസ്എസിന് നാണക്കേടുണ്ടാകുന്ന ഒരു കാര്യവും അദ്ദേഹം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: K B Ganesh Kumar prises NSS leader G Sukumaran Nair

dot image
To advertise here,contact us
dot image