ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി; 'മരിക്കാൻ പോകുന്നു' എന്ന് എഴുതിവെച്ച് മുങ്ങി; 3 വർഷത്തിന് ശേഷം പിടിയിൽ

ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 226.5 ഗ്രാം വ്യാജ സ്വര്‍ണം പണയം വച്ച് 9.10 ലക്ഷം രൂപ കൈക്കലാക്കി

ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടി; 'മരിക്കാൻ പോകുന്നു' എന്ന് എഴുതിവെച്ച് മുങ്ങി; 3 വർഷത്തിന് ശേഷം പിടിയിൽ
dot image

കോഴിക്കോട്: ഫറോക്കില്‍ മരിക്കാന്‍ പോകുന്നു എന്ന് കത്തെഴുതി വച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ട യുവതിയെ തൃശ്ശൂരില്‍ നിന്ന് കണ്ടെത്തി. ചെറുവണ്ണൂര്‍ മാതൃപ്പിള്ളി വര്‍ഷ(30)യെയാണ് ഫറോക്ക് പൊലീസും ഡെപ്യൂട്ടി കമ്മീഷണറും ക്രൈം സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

2022 നവംബർ പതിനൊന്നിനായിരുന്നു സംഭവം. രാവിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ പോയ വർഷ തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് ഇവരുടെ സ്‌കൂട്ടര്‍ അറപ്പുറ പാലത്തിന് സമീപം കണ്ടെത്തിയത്. ഇതോടൊപ്പം മരിക്കാൻ പോകുന്നു എന്ന് എഴുതിയ കുറിപ്പും കണ്ടെത്തി. .

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി നടത്തിയ തട്ടിപ്പുകളാണ് ചുരുളഴിഞ്ഞത്. ഇതേ വർഷം നവംബറിൽ ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ 226.5 ഗ്രാം വ്യാജ സ്വര്‍ണം പണയംവെച്ച് യുവതി 9.10 ലക്ഷം രൂപ കൈക്കലാക്കിയതായി വ്യക്തമായി.നാട്ടുകാരിൽ നിന്ന് പണം കടംവാങ്ങിയതായും പൊലീസ് കണ്ടെത്തി. പുഴയില്‍ ചാടി ജീവനൊടുക്കി എന്ന് വരുത്തി തീര്‍ത്ത് പണം തട്ടുകയായിരുന്നു യുവതിയുടെ ഉദ്ദേശം. ഇതിന് പിന്നാലെ ഫറോക്കിലെ ധനകാര്യ സ്ഥാപനം യുവതിക്കെതിരെ പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

ഫോണും സിം കാര്‍ഡും ഉപേക്ഷിച്ചായിരുന്നു യുവതി കടന്നു കളഞ്ഞത്. ഇതോടെ അന്വേഷണം ദുഷ്‌കരമായി. പിന്നീട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം നിയോഗിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡ് സൈബര്‍ സെല്ലുമായി ചേര്‍ന്ന് നടത്തിയ നീണ്ട അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലുമാണ് യുവതി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഇവര്‍ ഇന്റര്‍നെറ്റ് കോളുകള്‍ മുഖേന വീട്ടുകാരെയും ബന്ധപ്പെടാറുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേണത്തിലാണ് ഇവര്‍ തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Content Highlight; Feroke fake gold pawn scam accused woman found in Thrissur

dot image
To advertise here,contact us
dot image