
തിരുവനന്തപുരം: ഇടത് സർക്കാരിനോട് അടുക്കുന്ന സമീപം തുടരുന്ന എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേർന്ന് കാണണമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ നിലപാട്. എൻഎസ്എസുമായി അടുപ്പമുള്ള കോൺഗ്രസ് നേതാക്കൾക്കും സമാന അഭിപ്രായമാണുള്ളത്. അതേസമയം കൂടിക്കാഴ്ചകളും ചർച്ചകളും രഹസ്യമായി വെക്കാനാണ് ധാരണ.
വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി സുകുമാരൻ നായരെ കണ്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. മുസ്‌ലിം സംഘടന നേതാക്കളെ കഴിഞ്ഞ ദിവസം പ്രിയങ്ക കണ്ടിരുന്നു.
ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സർക്കാരിൽ പൂർണവിശ്വാസമുണ്ടെന്ന് ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ സുകുമാരൻ നായർ പറഞ്ഞിരുന്നു. ശബരിമലയുടെ കാര്യത്തിലാണ് നിലപാട് വ്യക്തമാക്കുന്നതെന്നും എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആഗോള അയ്യപ്പ സംഗമം നടന്നത് വിശ്വാസികള്‍ക്ക് വേണ്ടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാരില്‍ പൂര്‍ണമായും വിശ്വസിക്കുന്നു. സര്‍ക്കാരിന് മാത്രമാണ് ശബരിമല വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക. ആര് എന്തെല്ലാം തീരുമാനമെടുത്താലും അവസാന തീരുമാനം സര്‍ക്കാരിന്റേതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'സര്‍ക്കാരിനെ ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീ പ്രവേശനം മാത്രമല്ല, പല ആചാരങ്ങളും നിലനിര്‍ത്തി പോകണം, അതാണ് എന്‍എസ്എസിന്റെ ആവശ്യം'എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എത്രപേര്‍ പങ്കെടുത്തു എന്നതിലല്ല കാര്യം, ഒരു അയ്യപ്പ സംഗമം നടന്നത് പമ്പയില്‍ വച്ചും മറ്റൊന്ന് പന്തളത്ത് വച്ചുമാണ്. ആ വ്യത്യാസം രണ്ട് സംഗമങ്ങള്‍ക്കുണ്ടെന്നായിരുന്നു ബദല്‍ അയ്യപ്പ സംഗമത്തില്‍ പ്രതിനിധിയെ അയക്കാത്തതിനെ കുറിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു.
Content Highlights: congress leaders wants KPCC president and opposition leader talk with nss general secretary