'പുനലൂരിൽ കൊല്ലപ്പെട്ടത് ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷൻ, മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചെന്ന് സംശയം'

പുനലൂർ മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ ഏഴ് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്

'പുനലൂരിൽ കൊല്ലപ്പെട്ടത് ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷൻ, മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിച്ചെന്ന് സംശയം'
dot image

കൊല്ലം: പുനലൂരിൽ ചങ്ങലയിൽ ബന്ധിച്ച് കത്തികരിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുനലൂർ മുക്കടവിൽ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് ഇന്നലെ ഏഴ് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടത്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന കാര്യം സ്ഥിരീകരിക്കുന്നത്. ഇടതുകാലിന് സ്വാധീനമില്ലാത്ത പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് അറിയിച്ചു. ചങ്ങലയുമായി മരത്തോട് ബന്ധിച്ചനിലയിലാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്.


വലതുവാരിയെല്ലിനേറ്റ ആഴത്തിൽ ഉള്ള മുറിവാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൊലപാതക ശേഷം പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നാണ് പോലീസ് നിഗമനം. ആളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കൂടാതെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തി.

മുളക് പറിക്കാനായി കഴിഞ്ഞ ദിവസം പറമ്പിലെത്തിയ പ്രദേശവാസിയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. റോഡിൽനിന്നും ഏകദേശം 800 മീറ്ററോളം മാറി ആളൊഴിഞ്ഞ കാടുപിടിച്ച റബ്ബർതോട്ടമാണ് ഇവിടം. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനായി പ്രദേശത്തും പൊലീസ് പരിധിയിലും കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പുനലൂർ പൊലീസാണ് അന്വേഷണം നടത്തുന്നത്.

Content Highlights: Police say the discovery of an unidentified body in Punalur is a murder

dot image
To advertise here,contact us
dot image