
തൃശ്ശൂര്‍: എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിച്ച് വരില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2016 മുതല്‍ ആലപ്പുഴയ്ക്ക് തന്നെ എയിംസ് കൊടുക്കണമെന്ന് പറയുന്നുണ്ട്. മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് അഭ്യര്‍ത്ഥിച്ചതാണ്. സ്ഥലം കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത് തന്നെ കൊണ്ടുപോവുകയാണെങ്കില്‍ സ്ഥലം കാണിച്ചുകൊടുക്കാമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ നശിപ്പിച്ച ജില്ലയാണ് ആലപ്പുഴയെന്നും സുരേഷ് ഗോപി പറഞ്ഞു. ഏറ്റവും വലിയ ജില്ലയാണ് ആലപ്പുഴ. എന്നാല്‍ എന്താണ് ജില്ലയുടെ അവസ്ഥ? കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ നശിപ്പിച്ച ജില്ലയാണ് ആലപ്പുഴ. കിഴക്കിന്റെ വെനീസാണ്. കേരളത്തിന്റെ പതിനാലാമത്തെ ജില്ലയാണെന്ന് പോലും പറയാനുള്ള യോഗ്യത നമ്മള്‍ അതിന് വളര്‍ച്ചയിലൂടെ നല്‍കിയില്ല. എയിംസ് വരുന്നതിലൂടെ ആലപ്പുഴ വികസിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസ് ആലപ്പുഴയില്‍ തന്നെയെന്ന് നേരത്തെയും സുരേഷ് ഗോപി ആവര്‍ത്തിച്ചിരുന്നു. വികസന കാര്യത്തില്‍ 14 ജില്ലകളെ താരതമ്യം ചെയ്യുമ്പാള്‍ ഇടുക്കിയെക്കാള്‍ പിന്നിലാണ് ആലപ്പുഴ. എയിംസ് ആലപ്പുഴയില്‍ വന്നാല്‍ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.
എന്നാല്‍ എയിംസ് ആലപ്പുഴയില്‍ വേണമെന്ന സുരേഷ് ഗോപിയുടെ നിലപാടില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ പദ്ധതിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിലൂടെ തകരുന്നത്. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും തടസ്സമാകുന്നുണ്ട്.
Content Highlights: Communist struggles destroyed Alappuzha alleges Suresh Gopi