'യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ശബരിമലയിൽ മുമ്പ് വന്നിട്ടുള്ള ആളെന്ന നിലയിൽ'; വിശദീകരിച്ച് മന്ത്രി വി എന്‍ വാസവൻ

കർണ്ണാടകയിൽ നിന്ന് വരാനിരുന്നവരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തടഞ്ഞുവെന്നും മന്ത്രി

'യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ശബരിമലയിൽ മുമ്പ് വന്നിട്ടുള്ള ആളെന്ന നിലയിൽ'; വിശദീകരിച്ച് മന്ത്രി വി എന്‍ വാസവൻ
dot image

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ക്ഷണിച്ചത് ശബരിമലയിൽ മുമ്പ് വന്നിട്ടുള്ള ആളെന്ന നിലയിലാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവൻ. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയെയും അശ്വനി വൈഷ്ണവിനേയും അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരുന്നു. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലയെന്നും മന്ത്രി വ്യക്തമാക്കി.

തമിഴ്നാട്, കർണ്ണാടക, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കർണ്ണാടകയിൽ നിന്ന് വരാനിരുന്നവരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തടഞ്ഞുവെന്നും വാസവൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി യോഗി ആദിത്യനാഥ് മന്ത്രി വി എന്‍ വാസവന് കത്തയച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്. ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞിരുന്നു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചിരുന്നു.

ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്.

ദേവസ്വം മന്ത്രി വി എൻ വാസവൻ, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ വെള്ളാപ്പള്ളി നടേശന്‍, ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍, ജില്ലാ കലക്ടര്‍ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടക്കം 3,500 പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുത്തത്.

Content Highlight : Yogi Adityanath was invited as someone who had been to Sabarimala before; Devaswom Minister VN Vasavan

dot image
To advertise here,contact us
dot image