
ന്യൂഡൽഹി: എച്ച്-1ബി വിസയുടെ വാർഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കുന്ന പ്രഖ്യാപനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും. ഇന്ത്യയ്ക്കുള്ളത് ദുർബലനായ പ്രധാനമന്ത്രിയാണെന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 2017 ലും എച്ച്-1 ബി വിസ വിഷയത്തിൽ നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. അന്നും 'ഇന്ത്യയ്ക്കുള്ളത് ദുർബലനായ പ്രധാനമന്ത്രി' എന്നായിരുന്നു രാഹുൽ പറഞ്ഞത്.
എച്ച്-1ബി വിസ ഹോള്‍ഡര്‍മാരില്‍ 71ശതമാനവും ഇന്ത്യക്കാരാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ലിങ്ക് സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് രാഹുല്‍ പ്രതികരിച്ചത്. 'ഞാന്‍ ആവര്‍ത്തിക്കുന്നു, ഇന്ത്യയ്ക്കുള്ളത് ദുര്‍ബലനായ പ്രധാനമന്ത്രിയാണ്', രാഹുല്‍ കുറിച്ചു. ദേശതാല്‍പര്യം സംരക്ഷിക്കുന്നതാകണം വിദേശനയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വീമ്പിളക്കലും ആലിംഗനവും നിര്‍ത്തണമെന്നുമായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ ന്യായീകരണം. കഴിഞ്ഞദിവസമാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
അമേരിക്കയിൽ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ജോലി തേടി യുഎസിലേക്ക് പോകുന്ന ഐടി ജീവനക്കാരെയാണ് പ്രഖ്യാപനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയർത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയർത്തിയതെന്നാണ് ട്രംപ് പറഞ്ഞത്. പുതിയ തീരുമാനം കുടിയേറ്റം നിയന്ത്രിക്കുമെന്നും ട്രംപ് പറഞ്ഞു.
ഉയർന്ന വരുമാനമുള്ളവരെയും പണക്കാരെയും രാജ്യത്തേക്ക് എത്തിക്കുകയാണ് ഫീസ് ഉയർത്തിയതിന്റെ പ്രധാന ഉദ്ദേശം. കുറഞ്ഞ ഫീസ് ചുമത്തിയിരുന്നതിനാൽ അമേരിക്കയിലെ പല ചെറിയ തസ്തികകളിൽ പോലും തദ്ദേശീയർക്ക് ജോലി ലഭിക്കാത്ത സാഹചര്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളുണ്ടാകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് ഫീസ് വർധന പ്രഖ്യാപനം നടത്തിയ അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.
Content Highlights: I repeat, India has a weak PM says Rahul Gandhi on his FB post