
ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന ആഘോഷത്തില്‍ വിവാദം. ഇടുക്കി മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ പിറന്നാള്‍ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ പോസ്റ്റര്‍ നിഷേധിച്ച് ഇടവക വികാരി രംഗത്ത് എത്തുകയായിരുന്നു. പള്ളിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇടവക വികാരി വിശദീകരിച്ചു.
'നമ്മുടെ ദൈവാലയത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ വ്യക്തികളുടെയും പാര്‍ട്ടികളുടെയും പേരിലുള്ള ആഘോഷ പരിപാടികള്‍ നടക്കുന്നു എന്ന വിധത്തിലുള്ള വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. കോതമംഗലം രൂപതയ്‌ക്കോ മുതലക്കോടം ഇടവകയ്‌ക്കോ ഈ ആഘോഷ പരിപാടികളുമായി യാതൊരു ബന്ധവുമില്ല. ഇപ്രകാരം ഒരു ആഘോഷ പരിപാടി ഇവിടെ നടന്നിട്ടുമില്ല. നമ്മുടെ ദൈവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് ഈ പോസ്റ്റര്‍ നിര്‍മ്മിച്ചതിനെ അപലപിക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനുവേണ്ടിയോ കൂദാശകളെയോ ഈ ദൈവാലത്തെയോ പള്ളി പരിസരങ്ങളെയോ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല', വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍ കുര്‍ബാനക്ക് വേണ്ടി പണം അടച്ചിരുന്നുവെന്നാണ് ബിജെപി പറയുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച ഇടുത്തി നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിലാണ് പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നരേന്ദ്ര മോദി, ജെ പി നദ്ദ, രാജീവ് ചന്ദ്രശേഖര്‍, ഷോണ്‍ ജോര്‍ജ്ജ് തുടങ്ങിയവരുടെയും പള്ളിയുടെയും ചിത്രമുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇന്ന് രാവിലെ ഏഴിന് പള്ളിയില്‍ കുര്‍ബാനയും കേക്ക് മുറിക്കലുമുണ്ടാകുമെന്ന് പോസ്റ്ററില്‍ സൂചിപ്പിച്ചിരുന്നു. നരേന്ദ്ര മോദി ഇന്ന് 75ാം പിറന്നാളാണ് ആഘോഷിക്കുന്നത്. നിരവധിപ്പേരാണ് മോദിക്ക് ആശംസയുമായെത്തിയത്.
Content Highlights: BJP poster about Modi's birthday will be celebrated in church but it denied