
കൊച്ചി: കർശന നിർദ്ദേശങ്ങളോടെയും നിയന്ത്രണങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി. ശബരിമലയുടെ പവിത്രതയെ ബാധിച്ചുകൊണ്ടാകരുത് പരിപാടി സംഘടിപ്പിക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോർഡ് സൂക്ഷിക്കണം. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി പറഞ്ഞു.
ആഗോള സംഗമത്തിന് എത്തുന്ന പ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ നൽകരുതെന്നും ഹൈക്കോടതി പറഞ്ഞു. സാധാരണഗതിയിൽ ശബരിമലയിൽ എത്തുന്ന വിശ്വാസി സമൂഹത്തിന് ലഭിക്കുന്ന അതേ പരിഗണനമാത്രമേ സംഗമത്തിന് എത്തുന്നവർക്കും നൽകാവൂ എന്നാണ് കോടതിയുടെ നിരീക്ഷണം. പുണ്യപൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ഇത് ഒരുതരത്തിലും ദോഷകരമായി ബാധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്ന വേളയിൽ സർക്കാരിന് നേരെ നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ പങ്കെന്തെന്നായിരുന്നു ഹൈക്കോടതി ഉയർത്തിയ ഒരു ചോദ്യം. ദേവസ്വം ബോർഡിനെ സഹായിക്കുകയാണോ സർക്കാർ ചെയ്യുന്നത്?, സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും?, കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും?, ശബരി റെയിലിനും ശബരിമല മാസ്റ്റർ പ്ലാനിനും ഫണ്ട് ചെലവഴിക്കുമോ?, ആരാണ് ക്ഷണിതാക്കൾ?, ക്ഷണത്തിന്റെ മാനദണ്ഡം എന്ത്?, പ്രത്യേകം വ്യക്തികളെ സർക്കാർ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്ത് തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഹൈക്കോടതി ഉയർത്തിയത്. ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാരിന് മുൻഗണനയുണ്ടെന്നും ഹൈക്കോടതിയുടെ വിമർശിച്ചിരുന്നു.
പണം ചെലവഴിക്കുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. കുംഭമേള മാതൃകയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടനം. കുംഭമേളയ്ക്കായി സംസ്ഥാന സർക്കാർ സഹായം നൽകുന്നുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ 2050 മുന്നിലുണ്ട്. ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പടെ മെച്ചപ്പെടുത്തേണ്ടതുണ്ട്. വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരാണ് പങ്കെടുക്കുന്നതെന്നും സർക്കാർ മറുപടി നൽകിയിരുന്നു.
പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ അടക്കം പങ്കെടുക്കുമെന്നാണ് വിവരം.
Content Highlights: High Court allows global Ayyappa Sangamam to be held with strict restrictions at Sabarimala