
കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ പരിഗണിക്കുമെന്ന് സൂചന. ജെൻ സി പ്രക്ഷോഭകരാണ് കുൽമാൻ ഗിസിങ്ങിന്റെ പേര് നിർദ്ദേശിച്ചത്. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ.
കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് നേപ്പാളിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരായിരുന്നു മറ്റു രണ്ടുപേർ. ഇതിനിടെ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. 2016 ജൂൺ മുതൽ 2017 ജൂലൈ വരെ സുശീല കർക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിച്ചത്.
അതേസമയം നേപ്പാളിൽ ഇന്ന് വീണ്ടും വെടിവെപ്പുണ്ടായി. രാംചപ് ജയിലിൽ നിന്ന് തടവുകാർ രക്ഷപ്പെടുന്നതിനിയിലാണ് സൈന്യം വെടിവെപ്പ് നടത്തിയത്. നേപ്പാളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ വെടിവെപ്പാണ് നടന്നത്. നിലവിൽ നേപ്പാളിൽ പ്രക്ഷോഭം തുടങ്ങിയത് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി ഉയർന്നു.
തടവുകാർ നിരവധി ലോക്കുകൾ തകർത്തെന്നും പ്രധാന ഗേറ്റ് തകർക്കാൻ നോക്കിയപ്പോഴാണ് സേന വെടിവെച്ചതെന്ന് മുഖ്യ ജില്ലാ ഓഫീസർ ശ്യാം കഷ്ണ താപ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ആരംഭിച്ചത് മുതൽ ഇതുവരെ 25 ജയിലുകളിലായി 15,000 തടവുകാരാണ് രക്ഷപ്പെട്ടത്. നേപ്പാളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജയിൽച്ചാട്ടമാണിത്. ഇതിൽ വളരെ കുറച്ച് പേർ മാത്രമേ തിരികെ വരികയോ സൈന്യത്തിന് പിടികൂടാനോ സാധിച്ചിട്ടുള്ളു.
ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള ഇരുപത്തിയാറോളം സമൂഹമാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതോടെയാണ് നേപ്പാളിൽ പ്രക്ഷോഭത്തിന് തുടക്കമായത്. സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവെയ്ക്കാനാണ് സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. ഈ കമ്പനികളെല്ലാം നേപ്പാളിൽ വന്ന് ഓഫീസ് തുറക്കുകയും രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. സമൂഹമാധ്യമങ്ങൾ നിരോധിച്ചത് മാത്രമല്ല, അഴിമതിയും തൊഴിലില്ലായ്മയും അടക്കം നിരവധി കാരണങ്ങൾ പ്രക്ഷോഭത്തിന് പിന്നിലുണ്ട്. 'You Stole Our Dreams , Youth Against Corruption' എന്നിങ്ങനെയാണ് നേപ്പാളിൽ നിന്നുയരുന്ന മുദ്രാവാക്യങ്ങൾ.
പ്രക്ഷോഭം കനത്തപ്പോൾ പ്രസിഡന്റ് രാംചന്ദ്ര പൗഡേലിനും പ്രധാനമന്ത്രി കെ പി ശർമ ഒലിക്കും രാജിവെക്കേണ്ടി വന്നു. ഇതിന് പിന്നാലെ നേപ്പാൾ സൈന്യം നിയന്ത്രണമേറ്റെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ലേഖക്, ആരോഗ്യമന്ത്രി പ്രദീപ് പൗഡേൽ, കൃഷി മന്ത്രി രാം നാഥ് അധികാരി എന്നിവരും രാജിവെച്ചിരുന്നു.
Content Highlights: Ex-electricity board head Kulman Ghising among contenders for Nepal interim Pime minister