ആഭ്യന്തര മന്ത്രി പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടില്‍; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു

ആഭ്യന്തര മന്ത്രി പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടില്‍; സിപിഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം
dot image

ആലപ്പുഴ: സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് പരിഹാസം. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചു. സര്‍ക്കാരിന്റെ പൊലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല. സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പോയി. സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ പോലും മനസ്സുണ്ടായില്ല. സിപിഐ എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്നത് കണ്ടുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിന് വരുമ്പോള്‍ എന്തിനാണിത്രയും പൊലീസ് അകമ്പടി എന്നായിരുന്നു ചോദ്യം. സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. സമ്മേളന വേദിയില്‍ എന്ത് സുരക്ഷാ പ്രശ്‌നമാണുള്ളതെന്നും ചോദ്യം ഉയര്‍ന്നു.

പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും വിമര്‍ശനം. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും പൊലീസ് സ്റ്റേഷനുകളില്‍ ഇടി വാങ്ങുന്നു. സാധാരണ ജനത്തിന്റെയും അവസ്ഥ മറിച്ചല്ല. മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലി കഴിക്കുകയാണ്. ഇതിനെ സിപിഐ ചോദ്യം ചെയ്യണം. കേരളാ പൊലീസില്‍ അടിത്തട്ടുമുതല്‍ മുകള്‍ത്തട്ടുവരെ ക്രിമിനല്‍ ബന്ധമുള്ളവര്‍. എംആര്‍ അജിത്കുമാര്‍ ക്രിമിനല്‍ ബന്ധത്തിന്റെ പ്രകടമായ തെളിവ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇപ്പോഴും അദ്ദേഹത്തിന്റെ പങ്കിനെ സംബന്ധിച്ച് സംശയം. റവന്യു മന്ത്രി ഫോണില്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാന്‍ തയ്യാറാകാത്ത ആളാണ് എഡിജിപി. സമ്മേളന പ്രതിനിധികളെ മെറ്റല്‍ ഡിറ്റക്ടറിലൂടെ കടത്തിവിട്ട് സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്ന പൊലീസ് ആണ് സംസ്ഥാനത്തേതെന്നും പരിഹാസം.

Content Highlights: CPI State Conference Criticise Home ministery and police

dot image
To advertise here,contact us
dot image