'നേരിട്ട് സംസാരിക്കാമെന്ന് പറഞ്ഞു,കൂടെ ഫെനി നൈനാനും,ഒടുവിൽ മുറിയെടുക്കാൻ നിർബന്ധിച്ചു'; രാഹുലിനെതിരെ യുവതി

ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചാറ്റ് ചെയ്തതെന്നും അതിന് ശേഷം നമ്പര്‍ വാങ്ങിച്ചെന്നും യുവതി

dot image

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചെത്തിച്ചെന്ന് വെളിപ്പെടുത്തി യുവതി. താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ചെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും ഫോണ്‍ വിളിക്കാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാലിനോടായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.

'നല്ല രീതിയില്‍ സമയമെടുത്താണ് അദ്ദേഹം സമീപിച്ചത്. ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പുള്ളി തന്നെ ഇനീഷ്യേറ്റീവെടുത്ത് രാവിലെയും ഉച്ചയ്ക്കും രാത്രിയും കോള്‍ ചെയ്യുമായിരുന്നു. ഓക്കെയല്ലെങ്കില്‍ നിര്‍ത്താം ഞാന്‍ നിനക്ക് പറ്റുന്നയാളാണോയെന്ന് നോക്കാമെന്ന് പുള്ളി നിര്‍ബന്ധിച്ചു. കാണാം, സംസാരിക്കാമെന്ന് പറഞ്ഞ് സാഹചര്യമുണ്ടാക്കി. പുള്ളിയും ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവനും കൂടി വന്നിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. സംസാരിക്കാന്‍ എനിക്ക് അറിയാത്ത സ്ഥലം തെരഞ്ഞെടുത്തു. ആളുകള്‍ കാണും, മുറിയെടുത്ത് സംസാരിക്കാമെന്നും അതായിരിക്കും സേഫെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു', യുവതി പറഞ്ഞു.

2023ലാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും അതിന് മുമ്പ് തന്നെ രാഹുലിനെ അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചാറ്റ് ചെയ്തത്. അതിന് ശേഷം നമ്പര്‍ വാങ്ങിച്ചു. ടെലഗ്രാമിലൂടെ മെസേജ് അയക്കുമായിരുന്നുവെന്നും യുവതി. ഇന്‍സ്റ്റാഗ്രാമില്‍ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു സംസാരിച്ചത്. മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് പുള്ളിക്ക് ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. തന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണെന്നും യുവതി പറഞ്ഞു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി വെളിപ്പെടുത്തി.

Content Highlights: Women against Rahul Mamkoottathil says he forced to take a hotel room

dot image
To advertise here,contact us
dot image