
കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി ടി സിദ്ധിഖ് എംഎല്‍എയുടെ ഭാര്യ ഷറഫുനീസ. കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. ശശികല റഹീം, കെ കെ ലതിക, ബിവിജ കാലിക്കറ്റ് എന്നീ പ്രൊഫൈലുകള്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
ടി സിദ്ധിഖ്, ഷറഫുനീസ, മകന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ ഒപ്പമിരിക്കുന്ന ചിത്രം മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് പരാതി. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല തന്റെ കുടുംബും ജീവിതവും. തന്റെ കുഞ്ഞിനെപ്പോലും എന്തിനാണ് ഇതിലേക്ക് വലിച്ചിടുന്നതെന്നും ഷറഫുനീസ ചോദിക്കുന്നു. രാഹുലിനെതിരായ ആരോപണങ്ങള്‍ക്കും യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിക്കും പിന്നാലെയാണ് ഷറഫുനീസയുടെ ചിത്രം പങ്കുവെച്ച് ശശികല റഹീമിന്റെ അധിക്ഷേപ പരാമര്‍ശം.
ഷറഫുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
ഞാനും എന്റെ കുടുംബവും ഏത് രാഷ്ട്രീയ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെടുന്നത് എന്തിനാണ്? വിവാഹമോചനവും പുതിയ പങ്കാളിയുണ്ടാകുന്നതും എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച കാര്യമാണോ? യോജിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ബന്ധം പിരിയുന്നത് ഞങ്ങളുടെ ജീവിതത്തില്‍ മാത്രമാണോ? ഉന്നത സ്ഥാനത്തിരിക്കുന്ന നിങ്ങളുടെ തന്നെ നേതാക്കളുടെ ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ? പ്രബുദ്ധരെന്നും പുരോഗമനകാരികളെന്നും നടിക്കുന്ന ഇടതുപക്ഷക്കാരോട് ഈ ചോദ്യങ്ങള്‍ ചോദിക്കാതെ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഏത് ചീഞ്ഞുനാറിയ കഥകള്‍ക്കൊപ്പവും ചേര്‍ത്ത് നിങ്ങള്‍ക്ക് അപഹസിക്കാനുള്ളതല്ല എന്റെ കുടുംബവും ജീവിതവും. ഈ പോസ്റ്റിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ഫോട്ടോ നോക്കൂ, എന്തിനാണ് ഞങ്ങളുടെ കുഞ്ഞിനെ പോലും ഇതിലേക്ക് നിങ്ങള്‍ കൊണ്ടിടുന്നത്. ഏറ്റവും നീചമായ വാക്കുകളല്ലേ നിങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുന്നത്. നിങ്ങളുടെ വനിതാ നേതാക്കള്‍ക്കെതിരെ ഇത്തരം പദങ്ങള്‍ പ്രയോഗിക്കുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നത് കാണാറുണ്ടല്ലോ. ഇവിടെ ശശികല റഹീം എന്ന സിപിഐഎമ്മുകാരി ഇട്ട പോസ്റ്റിലും അതിന് താഴെ വന്ന കമന്റുകളിലും എന്റെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും അപമാനിക്കുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങള്‍ തന്നെയല്ലേ ശൈലജ ടീച്ചര്‍ക്കും ദിവ്യക്കും ചിന്തയ്ക്കും ആര്യക്കും വേണ്ടി നിലവിളിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും മാറി നില്‍ക്കുന്നവരാണ് ഞാനും എന്റെ കുഞ്ഞുങ്ങളും. പൊതുപ്രവര്‍ത്തകനായ എന്റെ പങ്കാളിയെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി ആക്രമിക്കാം. അല്ലാതെ എന്റെ കുടുംബജീവിതത്തെയും എന്നെയും നിന്ദ്യമായ ഭാഷയില്‍ അപമാനിക്കാന്‍ അനുവദിക്കില്ല. ശശികല റഹീമിനെതിരെ നിയമപരമായി നീങ്ങാനാണ് എന്റെ തീരുമാനം. ഇനിയും ഇത് അനുവദിച്ച് കൊടുക്കാനാവില്ല…
Content Highlights: Sharafunnisa T Siddique files police complaint alleging social media harassment