രാഹുലിനെതിരായ തുറന്ന് പറച്ചിലിന് പിന്നാലെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഹണി ഭാസ്‌കരന്‍

ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതിയെന്നും ഹണി ഫേസ്ബുക്കില്‍ കുറിച്ചു

dot image

തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ തുറന്ന് പറച്ചില്‍ നടത്തിയതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്‌കരന്‍. സൈബര്‍ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് ഹണി വ്യക്തമാക്കി. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നുവെന്നും പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതിയെന്നും ഹണി ഫേസ്ബുക്കില്‍ കുറിച്ചു.

'നിങ്ങളെ ജനിപ്പിച്ചത് ഓര്‍ത്ത് അവര്‍ തലയില്‍ കൈ വെച്ചാല്‍ മതി. എന്നെ തീര്‍ത്തു കളയാന്‍ പറ്റില്ല. സ്ത്രീകള്‍ ഏതെങ്കിലും രീതിയില്‍ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉടന്‍ സൈബര്‍ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെര്‍വേര്‍റ്റുകളുടെ ആഘോഷം കണ്ടു', ഹണി ഭാസ്‌കരന്‍ പറഞ്ഞു. എനിക്ക് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണെന്നും നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേയെന്നും ഹണി പറഞ്ഞു.

മുന്‍ മാധ്യമപ്രവര്‍ത്തകയും യുവനടിയുമായ റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിസന്ധിയിലാകുന്നത്. എന്നാല്‍ റിനി പേര് വെളിപ്പെടുത്താതെ യുവ നേതാവ് എന്നായിരുന്നു പരാമര്‍ശിച്ചത്. റിനി ഉദ്ദേശിച്ചത് രാഹുലിനെയാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ടായിരുന്നു. പിന്നാലെയാണ് രാഹുലിനെതിരെ പേരെടുത്ത് വിമര്‍ശിച്ച് ഹണി ഭാസ്‌കരന്‍ രംഗത്തെത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറി. ഇതിന് പിന്നാലെയാണ് ഹണി ഭാസ്‌കരന് നേരെ സൈബര്‍ ആക്രമണമുണ്ടായത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു. സ്ത്രീകള്‍ക്ക് രാഹുല്‍ അയച്ച ചാറ്റുകളും പുറത്ത് വന്നിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.

Content Highlights: Honey Bhaskaran file compliant to CM against Cyber attack on Rahul Mamkoottathil issue

dot image
To advertise here,contact us
dot image