നടിയുടെ ആരോപണം എന്നെക്കുറിച്ചാണെന്ന് വിശ്വസിക്കുന്നില്ല;നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: രാഹുൽ

കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ

dot image

കൊച്ചി: ആരോപണങ്ങളില്‍ പാര്‍ട്ടി രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല. അത്തരത്തില്‍ പരാതി വന്നാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കും എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആരോപണത്തില്‍ ഹൂ കെയേര്‍സ് പ്രതികരണത്തിന് ശേഷം ആദ്യമായാണ് വിഷയത്തില്‍ രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
വിഷയത്തില്‍ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുമായി സംസാരിച്ചു. ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച യുവ നടി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചെങ്കിലും തന്റെ പേര് പറഞ്ഞിട്ടില്ല. തന്നെക്കുറിച്ചാണ് അവര്‍ പറഞ്ഞതെന്ന് വിശ്വസിക്കുന്നില്ല. ഇപ്പോഴും അടുത്ത സുഹൃത്താണ്. തന്റെ പേര് ഗൗരവതരമായി ആരും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവര്‍ത്തിച്ചു.

ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണവും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ? ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത കാലമല്ലല്ലോ. ആരും പരാതി പറഞ്ഞിട്ടില്ലല്ലോയെന്നായിരുന്നു എംഎല്‍എയുടെ മറുപടി. പുറത്തുവന്ന ഓഡിയോയുടെ ആധികാരികത ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുലിന്റെ മറുപടി.

'നിയമസംവിധാനത്തിന് വിരുദ്ധമായി എന്റെ ഭാഗത്ത് നിന്നും ഒരു പ്രവര്‍ത്തിയും ഉണ്ടായിട്ടില്ല. പരാതി ആര്‍ക്കെതിരെയും കൊടുക്കാം. പരാതി ചമയ്ക്കുകയും ചെയ്യാം. പരാതി നല്‍കിയാല്‍ നീതിന്യായ സംവിധാനത്തില്‍ നിരപരാധിത്വം തെളിയിക്കാം', രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചോ എന്ന ചോദ്യത്തോട് 'രാജിവെച്ചോ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അങ്ങനെയെങ്കില്‍ എപ്പോള്‍ വെച്ചു, ആര്‍ക്കാണ് രാജിക്കത്ത് കൊടുത്തത് എന്നും മാധ്യമങ്ങള്‍ വ്യക്തമാക്കണം' എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

നടി പരാതിപ്പെട്ട മുകേഷ് എംഎല്‍എക്കെതിരെയും ശബ്ദസംഭാഷണം പുറത്തുവന്ന എ കെ ശശിക്കെതിരെയും മാധ്യമങ്ങളുടെ വ്യഗ്രത കണ്ടില്ലല്ലോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായ സമയമാണിത്. പരാതിയില്ലാത്താ ഗര്‍ഭച്ഛദ്രത്തെക്കുറിച്ച് പറയുമ്പോള്‍ കത്ത് വിവാദം അടക്കം സിപിഐഎമ്മിനകത്തെ അന്തച്ഛിദ്രത്തെക്കുറിച്ച് എന്താണ് ചര്‍ച്ച ചെയ്യാത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

തനിക്കെതിരെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഹണി ഭാസ്‌കർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവെന്താണ്. രണ്ട് പേര്‍ സംസാരിക്കുന്നത് നിയമപരമായി കുറ്റകൃത്യമാണോ? അങ്ങനെയെങ്കില്‍ അവര്‍ ചെയ്തതും കുറ്റകൃത്യമല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യായീകരിച്ചു. ഹണി ഭാസ്‌കറിന് ആക്ഷേപം ഉണ്ടെങ്കില്‍ തെളിയിക്കട്ടെ. നിയമപരമായി പോകാം എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

'1.25 വരെ ഞന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നതാണ് എന്റെ പദവി. കോണ്‍ഗ്രസിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ഞാന്‍ തുടങ്ങുന്നത്. ആ പ്രതിനിധിയാണ് ഇപ്പോഴും. പാര്‍ട്ടിക്കെതിരായ കടന്നാക്രമണത്തെ ചെറുത്തുനില്‍ക്കും. അതിനാല്‍ ആവുന്നത്ര ശത്രുക്കളുണ്ട്. ഞാന്‍ വ്യക്തിപരമായി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് അനുഭവിക്കും. തെളിയിക്കേണ്ടത് എന്റെ ബാധ്യതയാണ്. 1.30 ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുന്നു. കുറ്റം ചെയ്തതുകൊണ്ടല്ല. എന്നെ ന്യായീകരിക്കേണ്ട ബാധ്യത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കില്ല', എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമയത്തെ മാനിച്ച് കൂടിയാണ് രാജിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Rahul mamkootathil Reaction Over allegations

dot image
To advertise here,contact us
dot image