'രാഹുലിനെതിരെ ഉയര്‍ന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാനാവില്ല'

ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും കെ കെ ശൈലജ പറഞ്ഞു.

dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്നത് പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണെന്ന് കെ കെ ശൈലജ പറഞ്ഞു. ഗര്‍ഭഛിദ്രത്തിനുള്‍പ്പെടെ നിര്‍ബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങള്‍ കേവലം സ്ഥാനമാനങ്ങളുടെ രാജിയില്‍ ഒതുക്കാന്‍ കഴിയുന്നതല്ലെന്നും സ്ത്രീകള്‍ക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാകുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് ഇയാളെന്നാണ് പുറത്തുവരുന്ന വിവരങ്ങളെന്നും കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ശൈലജയുടെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍ച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാകാന്‍ ഉള്‍പ്പെടെ അവസരം നല്‍കിയ കോണ്‍ഗ്രസ് നേതൃത്വമൊന്നാകെ വിഷയത്തില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതുള്‍പ്പെടെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത വ്യക്തിക്കെതിരെ നിയമപടികളുണ്ടാകണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാതെ നാണക്കേടാണെന്നും അവര്‍ പറഞ്ഞു.

'സമൂഹമാധ്യമങ്ങളില്‍ വ്യാജ ഐഡികള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന പ്രതികരണങ്ങള്‍ നടത്തുന്നൊരു സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ ഉണ്ട് എന്നത് വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തമായിട്ടുളളതാണ്. വ്യാജ ഐഡികള്‍ ഉഫയോഗിക്കുന്നതിനാലും ഇത്തരം കമന്റുകള്‍ക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു. ഇയാള്‍ ജനപ്രതിനിധിയായി തുടരുന്നത് കേരളാ നിയമസഭയ്ക്കാകെ നാണക്കേടാണ്'-കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലും വി ഡി സതീശനുമാണ് എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പറഞ്ഞിരുന്നു. പരാതി ഉയര്‍ന്നപ്പോള്‍ രാഹുലിനെ സംരക്ഷിച്ചത് ഷാഫിയും വി ഡി സതീശനുമാണെന്നും ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വി കെ സനോജ് പറഞ്ഞു. വി ഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അതിനുപിന്നാലെ  രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന സമ്മർദവും ശക്തമാവുകയാണ്.

Content Highlights: KK Shailaja about allegations against rahul mamkoottathil

dot image
To advertise here,contact us
dot image