'യുദ്ധം ഒരു വ്യക്തിയോടല്ല, എല്ലാം കാലം തെളിയിക്കും'; പ്രതികരണവുമായി റിനി ആൻ ജോർജ്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് യുവ മാധ്യമപ്രവര്‍ത്തക റിനി ആന്‍ ജോർജ്

dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് യുവ മാധ്യമപ്രവര്‍ത്തക റിനി ആന്‍ ജോർജ്. ഒരു വ്യക്തിയെ പേരെടുത്ത് പറയാനോ, ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ താൻ ഇപ്പോളും ഉദ്ദേശിക്കുന്നില്ലെന്ന് റിനി വ്യക്തമാക്കി. തന്റെ യുദ്ധം ഒരു വ്യക്തിയോടല്ലെന്നും സമൂഹത്തിലെ അനീതിക്കെതിരാണെന്നും ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ഞാന്‍ സംസാരിക്കുന്നത് എന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് അതാത് പാര്‍ട്ടിയാണ്, അതില്‍ തനിക്ക് വ്യക്തി താല്‍പര്യമില്ലെന്നും റിനി വ്യക്തമാക്കി.

'ഏതെങ്കിലും ഒരു പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തിട്ടല്ല ഞാന്‍ മുന്നോട്ട് വന്നത് എന്നതിന്റെ തെളിവാണ് എനിക്ക് ശേഷം ഉണ്ടായ ആരോപണങ്ങള്‍. എന്നില്‍ വിശ്വസിക്കുന്ന, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്ന സമൂഹമുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. എന്റെ പോരാട്ടം എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്. ആരോപണ വിധേയന്റെ പേര് ഇപ്പോഴും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം കാലം തെളിയിക്കും.' റിനി കൂട്ടിച്ചേര്‍ത്തു.

അതേസമയം തനിക്കെതിര ഉയർന്ന ആരോപണങ്ങളെ തുടർന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്.

എന്നാൽ നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

Content Highlight; Rini Ann George about Rahul Mamkoottathil's resignation from youth congress state president post

dot image
To advertise here,contact us
dot image