
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബി എ മലയാളം കോഴ്‌സിന്റെ ഭാഗമായ ഡിഗ്രി മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സില്‍ പഠിപ്പിക്കുന്നത് കമ്യൂണിസ്റ്റ് ആശയങ്ങള്‍ മാത്രമെന്ന് പരാതി. പുതിയ സിലബസില്‍ ഭാഷാ സാഹിത്യത്തിന് പ്രാധാന്യമില്ലെന്നാണ് പരാതി. സിലബസ് വിദഗ്ദ സമിതിയെ കൊണ്ട് പുനപരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സിന്‍ഡിക്കറ്റ് അംഗം റഷീദ് അഹമ്മദാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.
ഭൂപരിഷ്‌കരണം, ജന്മിത്വം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയ അധ്യായങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. ഇതെല്ലാം ഇടതു സര്‍ക്കാരിന്റെ മേന്മകളായി പ്രചരിപ്പിക്കുന്നവയാണ് എന്നും പരാതിയില്‍ ഉന്നയിക്കുന്നു. 'ബി എ മലയാളം ഡിഗ്രി സിലബസ്സില്‍ മാര്‍ക്‌സിസ്റ്റ്/ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താനുള്ള ശ്രമം പ്രകടമാണ്. കേരളത്തിന്റെ വികസന മാതൃകകളെ കുറിച്ച് പഠിപ്പിക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാറുകളുടെ നയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും ഇതര സര്‍ക്കാരുകളുടെ സംഭാവനകളെ പൂര്‍ണമായി തമസ്‌കരിക്കുകുയം ചെയ്തിരിക്കുന്നു', പരാതിയില്‍ പറയുന്നു.
ജന്മിത്തം, കര്‍ഷക സമരങ്ങള്‍, ഭൂപരിഷ്‌കരണം തുടങ്ങിയ അധ്യായങ്ങള്‍ മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളെയും ഭൂപരിഷ്‌കരണ നിയമത്തെയും മാത്രം കേന്ദ്രീകരിക്കുന്നത് കേരളത്തിന്റെ സാമൂഹിക വളര്‍ച്ച ഇടതുപക്ഷ ആശയങ്ങളിലൂടെ മാത്രമാണ് സാധ്യമായത് എന്ന് സ്ഥാപിക്കാനാണ്. ഇ എം രാധ, കാവുമ്പായി ബാലകൃഷ്ണന്‍, ഇടത് സര്‍വീസ് സംഘടനാ നേതാക്കള്‍ എന്നിവരുടെ ലേഖനങ്ങളും പഠനങ്ങള്‍ ഉള്‍പ്പെടുത്തിയത് നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു.
മുമ്പുണ്ടായിരുന്ന സെക്കന്റ് ലാഗ്വേജ് മലയാളം കോഴ്‌സുകള്‍ക്ക് പകരമായാണ് യുജി മൂന്ന്, നാല് സെമസ്റ്ററുകളില്‍ എംഡിസി കോഴ്‌സുകള്‍ വന്നിരിക്കുന്നത്. മലയാളം മേജര്‍ അല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷയും സാഹിത്യവും പഠിക്കാനുള്ള അവസരമാണിത്. ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ്, നിയമം എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇത് മലയാളം പഠിപ്പിക്കല്‍ എന്നതിന് പകരം മലയാളത്തില്‍ പഠിപ്പിക്കല്‍ മാത്രമായി മാറുന്നുവെന്നും ഈ കോഴ്‌സുകള്‍ ഭാഷാപരമായ കഴിവുകള്‍ വികസിപ്പിക്കാനോ സാഹിത്യപരമായ അവബോധം സൃഷ്ടിക്കാനോ സഹായിക്കുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
Complaint Highlights: Complaint against calicut university B A Malayalam course