
തൃശ്ശൂര്‍: വോട്ടർപ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും വന്ദേഭാരതില്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപിയെ ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളോടെ സ്വീകരിച്ചു. വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞ് ഒറ്റവരിയില്‍ മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. ഈഘട്ടത്തിലായിരുന്നു പ്രതികരണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. ഇന്ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ല. കോതമംഗലത്ത് ജീവനൊടുക്കിയ 23കാരിയുടെ കുടുംബത്തെ സുരേഷ് ഗോപി സന്ദര്‍ശിക്കുമെന്നാണ് വിവരം. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു എംപി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.തൃശൂരില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്‌മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.
Content Highlights: Suresh Gopi Reached in Thrissur Not Responded to Media