
തലൈവർ രജനീകാന്തിന്റെ പുതിയ സിനിമയായ 'കൂലി'യുടെ റിലീസ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ, ടിക്കറ്റ് നിരക്കുകളാണ് ഇപ്പോൾ വലിയ ചർച്ചാവിഷയം. ആദ്യ ദിനത്തിലെ ആദ്യ ഷോയ്‌ക്ക് (FDFS) ചെന്നൈയിൽ 4,500 രൂപ വരെയാണ് ബ്ലാക്കിൽ ടിക്കറ്റുകൾ വിൽക്കുന്നത്. ഈ അമിതവില കാരണം സാധാരണക്കാർക്ക് സിനിമ കാണാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും 'കൂലി'ക്ക് വൻ ബുക്കിങ്ങാണ്. ഫസ്റ്റ്-ഡേ ഫസ്റ്റ്-ഷോ ടിക്കറ്റുകൾക്ക് ദക്ഷിണേന്ത്യയിൽ പലയിടത്തും അമിതവില ഈടാക്കുന്നതിനെതിരെ ആരാധകർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ചെന്നൈയിലെ ഒരു പ്രമുഖ തിയേറ്ററിൽ ടിക്കറ്റ് വില 4,500 രൂപയാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ജീവനക്കാരൻ പറഞ്ഞെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊള്ളാച്ചിയിൽ ഒരു തിയേറ്റർ ജീവനക്കാരൻ 400 രൂപയ്ക്ക് ടിക്കറ്റ് വിൽക്കുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ തമിഴ്‌നാട് സർക്കാർ നിയമങ്ങൾക്ക് വിരുദ്ധമാണ്.
തമിഴ്‌നാട് സർക്കാർ പുലർച്ചെയുള്ള ഷോകൾക്ക് അനുമതി നിഷേധിച്ചതോടെ, ആരാധകർ സിനിമ കാണാൻ അയൽ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. ചെന്നൈയിൽ നിന്ന് അധികം ദൂരമില്ലാത്ത ആന്ധ്രാപ്രദേശിലെ നാഗരിയിലേക്ക് പോകാൻ ഒരു കൂട്ടം ആരാധകർ പദ്ധതിയിടുന്നതായി ഒരു ഐ.ടി. ജീവനക്കാരൻ പറഞ്ഞു. "ഒരു വർക്കിംഗ് ഡേ ആണെങ്കിലും ഞങ്ങൾക്ക് തലൈവരുടെ സിനിമ ആദ്യ ഷോ കാണണം" എന്നാണവർ പറയുന്നത്.
കേരളത്തിലും കർണാടകയിലും 'കൂലി'യുടെ രാവിലെ 6 മണിക്കുള്ള ഷോകൾക്ക് ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നുണ്ട്. ബെംഗളൂരുവിലെ സിംഗിൾ സ്ക്രീനുകളിൽ ടിക്കറ്റുകൾക്ക് 2,000 രൂപ വരെ വിലയുണ്ട്. അതേസമയം, മുംബൈയിൽ ടിക്കറ്റ് നിരക്ക് 250 രൂപ മുതൽ 500 രൂപ വരെയാണ്.
'കൂലി'യുടെ ആദ്യ പ്രദർശനം കാണാനുള്ള ആരാധകരുടെ ആവേശം കാരണം, ചിത്രം ആദ്യ ദിവസം തന്നെ 150 കോടി രൂപ കടക്കുമെന്നാണ് ട്രേഡ് വിദഗ്ദ്ധർ പ്രവചിക്കുന്നത്. 74-ാം വയസ്സിലും രജനീകാന്ത് എന്ന സൂപ്പർസ്റ്റാറിന്‍റെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
content highlights : Coolie ticket rate skyrocketed due to hype and fans travel to other states to watch movie