തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവം: തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു

എസ്‌സി - എസ്ടി ആക്ട് പ്രകാരമാണ് കേസ്

dot image

കോഴിക്കോട്: തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദിച്ച സംഭവത്തില്‍ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്തു. എസ്‌സി-എസ്ടി ആക്ട് പ്രകാരമാണ് കേസ്. കുറ്റ്യാടി സ്വദേശി ജിഷ്മയുടെ പരാതിയിലാണ് കേസ്. പ്രദേശത്ത് വ്യാപകമായി തേങ്ങ മോഷ്ടിക്കപ്പെടുന്നതായി പരാതി ഉയര്‍ന്നിരുന്നു.

അതേസമയം സംഭവത്തില്‍ പട്ടികജാതി-പട്ടികവകുപ്പ് ഡയറക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മന്ത്രി ഒ ആർ കേളുവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വീണ്ടും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മര്‍ദിച്ചതുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി ആദ്യം പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു.

മോഷണം ആരോപിച്ച് തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും ജിഷ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. തേങ്ങ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നായിരുന്നു ജിഷ്മയുടെ ആരോപണം. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവരാണ് ഉപദ്രവിച്ചതെന്ന് ജിഷ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

'ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ലെന്ന് പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി.പിന്നാലെ റോഡിലൂടെ വലിച്ചിഴച്ചു. ഭര്‍ത്താവിന്റെ പേരില്‍ കേസുകൊടുക്കുമെന്ന് പറഞ്ഞു', ജിഷ്മ പറഞ്ഞിരുന്നു.

Content Highlights: Thottipalam police take case on tribal woman who was beaten up for allegedly stealing a coconut

dot image
To advertise here,contact us
dot image