ബലാത്സംഗക്കേസ്; വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്; ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തം

വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

dot image

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുക.

വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. വേടന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഉടന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതി അറസ്റ്റ് തടയാത്തതിനാല്‍ അറസ്റ്റ് നടപടികള്‍ക്ക് തടസമില്ലെന്നാണ് പൊലീസ് പറയുന്നത്.

വേടന്റെ ലൊക്കേഷന്‍ പരിശോധിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞിരുന്നു. കേസില്‍ സാക്ഷികൾ രേഖപ്പെടുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബലാത്സംഗക്കേസില്‍ പ്രതിയായതോടെയാണ് വേടന്‍ ഒളിവില്‍പോയത്. തൃശൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും വേടന്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വേടന്റെ ഫോണ്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പിജിക്ക് പഠിക്കുന്ന കാലത്താണ് വേടനോട് ആരാധന തോന്നിയതെന്നും പിന്നീട് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയായിരുന്നുവെന്നുമാണ് യുവതി പറയുന്നത്. 2021 ഓഗസ്റ്റില്‍ തന്റെ ഫ്‌ളാറ്റിലെത്തിയ വേടന്‍ ബലാത്സംഗം ചെയ്തുവെന്നും പിന്നീട് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായും യുവതി പറയുന്നു. 2023ല്‍ താന്‍ ടോക്‌സിക്കാണെന്ന് പറഞ്ഞ് വേടന്‍ ബന്ധത്തില്‍ നിന്ന് പിന്മാറി. പുതിയ ആല്‍ബം പുറത്തിറക്കുന്നതിനടക്കം വേടന് സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. യുവതിയുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് പറഞ്ഞ് വേടൻ നേരത്തേ രംഗത്തെത്തിയിരുന്നു.

Content Highlights- Investigation team decide to arrest rapper vedan on sexual assault case

dot image
To advertise here,contact us
dot image