
തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്വതന്ത്രവും നീതി പൂർവ്വവുമായ തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഉൾപ്പടെ കലർപ്പുണ്ടായി. അനർഹരെ ചേർത്തു. കോൺഗ്രസ് അത് നേരത്തെ ചൂണ്ടിക്കാണിച്ചു. ഇപ്പോൾ വാർത്താസമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി കൂടുതൽ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തിൽ കൂടുതൽ പരിശോധന നടത്തും. ഇതിനൊരു ഉത്തരം ലഭിക്കണം. വാർഡ് വിഭജനം അശാസ്ത്രീയമായാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് എംപിമാരുമായി ഡൽഹിയിൽ വച്ച് കൂടിയാലോചന നടത്തി. പാർലമെന്റ് സമ്മേളന സമയം ആയതുകൊണ്ട് കേരളത്തിൽ വെച്ച് എംപിമാരെ കാണാനുള്ള സാഹചര്യം ഇല്ല. അതുകൊണ്ടാണ് ഡൽഹിയിൽ പോയി കൂടിക്കാഴ്ച നടത്തിയതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നായിരുന്നു സണ്ണി ജോസഫ് വ്യക്തമാക്കിയത്. പുനഃസംഘടനയ്ക്ക് ശശി തരൂർ എല്ലാ പിന്തുണയും സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
എം കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആന്റോ ആന്റണിയും തമ്മിലും ചർച്ചകൾ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു. കെപിസിസിയിൽ ജംബോ കമ്മിറ്റി സാധ്യതയുമുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
Content Highlights: KPCC President Sunny Joseph responds to allegations of voter list manipulation