നടന്‍ ഷാനവാസിന് വിട, സംസ്കാരം ഇന്ന് വൈകീട്ട്

പ്രേംനസീറിന്റെ മകനും, നടനുമായ ഷാനവാസ് അന്തരിച്ചു

dot image

തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകനായ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസിന് ഇന്ന് കേരളക്കര വിട നല്‍കും. ഇന്നലെ രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാനവാസിന്റെ അന്ത്യം. 71 വയസായിരുന്നു. വൃക്ക- ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രിയോടെ ഷാനവാസിന്റെ മരണം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇന്നലെ രാത്രി ഏഴുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പാളയം മുസ്ലീം ജമാഅത്ത് ഖബര്‍സ്ഥാനിലാണ് സംസ്‌കാരം.

മലയാള സിനിമ രംഗത്ത് നായക- വില്ലന്‍ വേഷങ്ങളില്‍ സജീവ സാന്നിധ്യമായി തിളങ്ങിയിരുന്ന നടനായിരുന്നു ഷാനവാസ്. മലയാളം, തമിഴ് ഭാഷകളിലായ് 96 സിനിമകളില്‍ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. 1981 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ല്‍ പുറത്തിറങ്ങിയ ചൈനാ ടൗണ്‍ എന്ന മലയാള ചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേക്ക് തിരിച്ചെത്തി.2022 ല്‍ പുറത്തിറങ്ങിയ ജനഗണമനയാണ് അവസാനമായി അഭിനയിച്ച സിനിമ.

ചിറയന്‍കീഴ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍, യേര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷാനവാസ്, ചെന്നൈയിലെ ന്യൂ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. 1989-ല്‍ പിതാവ് പ്രേംനസീറിന്റെ മരണശേഷവും സിനിമ രംഗത്ത് തുടരാന്‍ ഷാനവാസ് തീരുമാനിച്ചിരുന്നെങ്കിലും ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് വിദേശത്ത് ഒരു ഷിപ്പിങ് കമ്പനിയില്‍ മാനേജറായി ജോലി നോക്കിയിരുന്നു. അതിനും ശേഷമായിരുന്നു സീരിയലിലേക്കും, വീണ്ടും സിനിമ രംഗത്തേക്കും തിരിച്ച് വരവ് നടത്താന്‍ ഷാനവാസ് തീരുമാനിച്ചത്.

Content Highlight; Kerala will bid farewell to Shanawas today

dot image
To advertise here,contact us
dot image