
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ സഹോദരൻ്റെ അറസ്റ്റിന് പിന്നാലെ പികെ ഫിറോസിനെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. സഹോദരനെതിരായ കേസിന്റെ പേരിൽ ഫിറോസ് വേട്ടയാടപ്പെടാൻ കാരണം അയാൾ ഇന്നലെകളിൽ നടത്തിയ പോരാട്ടമാണെന്ന് പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. ഈ കേസിന്റെ പേരിൽ പി കെ ഫിറോസിന്റെ ശിരസ്സ് ഒന്ന് വളച്ചുകളയാമെന്ന കിനാവ് തത്കാലം കയ്യിലിരിക്കട്ടെ. പി കെ ഫിറോസ് സാഹിബിന്റെ പത്രസമ്മേളനം ക്രിസ്റ്റൽ ക്ലിയറാണെന്നും പി കെ ഫിറോസ് പറഞ്ഞു.
പി കെ ബുജൈർ മുസ്ലിം ലീഗ് പാർട്ടിയിലോ ഏതെങ്കിലും ഘടകങ്ങളിലോ അംഗത്വമുള്ള വ്യക്തിയല്ലെന്നും പി കെ നവാസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കോടിയേരിയുടെ രണ്ട് മക്കളും പങ്കെടുത്തത് പോലെ പാർട്ടി സമ്മേളനങ്ങളിലോ മുസ്ലിം ലീഗ് വേദികളിലോ നിങ്ങൾക്ക് അയാളെ കാണാനാകില്ല. മുസ്‌ലിം ലീഗിനോട് വിയോജിക്കുന്ന പലകാര്യങ്ങളും പലവേളകളിൽ പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് പി കെ ബുജൈറെന്നും പി കെ നവാസ് പറഞ്ഞു.
പി കെ ബുജൈറിൽ നിന്ന് ലഹരിയോ ലഹരി വസ്തുക്കളോ കണ്ടെത്തിയിട്ടില്ല. സഖാവ് റിയാസ് തുടരയിലിനെ ഇന്നലെ ലഹരി ഇടപാട് നടത്തിയതിന് പൊലീസ് പിടികൂടുകയുണ്ടായി. ഇത്രയും ഗൗരവമായ ഒരു കേസിൽ അയാളെ വെറുതെ വിട്ട പൊലീസ് നടപടി അന്വേഷിക്കണമെന്നും പി കെ നവാസ് ആവശ്യപ്പെട്ടു. അയാളെ വെറുതെ വിടാൻ ശ്രമിച്ച സിപിഐഎം നേതാക്കളെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്നും പി കെ നവാസ് പറഞ്ഞു.
പികെ ബുജൈറും സഖാവ് റിയാസും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെയെന്നും പി കെ നവാസ് വ്യക്തമാക്കി. ലഹരി മാഫിയ തലവനായ ബിനീഷ് കോടിയേരിയെയും സർക്കാർ ഖജനാവ് തുരന്ന് മുടിച്ച രാജാവിന്റെ മകളെയും സെലിബ്രേറ്റ് ചെയ്യുന്ന നവ കേരളത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനമുണ്ടാകില്ലയെന്നും നവാസ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം
പി.കെ ബുജൈർ മുസ്ലിം ലീഗ് പാർട്ടിയിലോ ഏതെങ്കിലും ഘടകങ്ങളിലോ അംഗത്വമുള്ള വ്യക്തിയല്ല. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും കോടിയേരിയുടെ 2 മക്കളും പങ്കെടുത്തത് പോലെ പാർട്ടി സമ്മേളനങ്ങളിലോ മുസ്ലിം ലീഗ് വേദികളിലോ നിങ്ങൾക്ക് അയാളെ കാണാനാകില്ല. എന്നുമാത്രമല്ല മുസ്ലിം ലീഗിനോട് വിയോജിക്കുന്ന പലകാര്യങ്ങളും പലവേളകളിൽ പ്രകടിപ്പിച്ച വ്യക്തിയാണ്.
പി.കെ ബുജൈറിൽ നിന്ന് ലഹരിയോ ലഹരി വസ്തുക്കളോ കണ്ടെത്തിയിട്ടില്ല. സഖാവ് റിയാസ് തുടരയിലിനെ ഇന്നലെ ലഹരി ഇടപാട് നടത്തിയതിന് പോലീസ് പിടികൂടുകയുണ്ടായി. ഇത്രയും ഗൗരവമായ ഒരു കേസിൽ അയാളെ വെറുതെ വിട്ട പോലീസ് നടപടി അന്വേഷിക്കണം. അയാളെ വെറുതെവിടാൻ ശ്രമിച്ച സിപിഎം നേതാക്കളെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.
പികെ ബുജൈറും സഖാവ് റിയാസും തമ്മിലുള്ള ബന്ധം പോലീസ് അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ.
ലഹരി മാഫിയ തലവനായ ബിനീഷ് കോടിയേരിയെയും സർക്കാർ ഖജനാവ് തുരന്ന് മുടിച്ച രാജാവിന്റെ മകളെയും സെലിബ്രേറ്റ് ചെയ്യുന്ന നവ കേരളത്തിൽ മുസ്ലിം ലീഗ് പ്രസ്ഥാനമുണ്ടാകില്ല.
പികെ ഫിറോസിനെയും അദ്ദേഹത്തിന്റെ പാർട്ടിയേയും സോഷ്യൽ മീഡിയയിൽ പരസ്യമായി നിരന്തരം വിമർശിക്കുന്ന സഹോദരനായിട്ടും ഈ കേസിന്റെ പേരിൽ പികെ ഫിറോസിനെ വേട്ടയടപ്പെടാൻ കാരണം ഒന്ന് മാത്രമാണ്. ‘അയാൾ ഇന്നലകളിൽ നടത്തിയ പോരാട്ടം’
ഈ കേസിന്റെ പേരിൽ പി.കെ ഫിറോസിന്റെ ശിരസ്സ് ഒന്ന് വളച്ചുകളയാമെന്ന കിനാവ് തത്കാലം കയ്യിലിരിക്കട്ടെ.
പികെ ഫിറോസ് സാഹിബിന്റെ പത്രസമ്മേളനം ക്രിസ്റ്റൽ ക്ലിയർ
Content Highlight : PK Navas supports Feroz in the case against his brother